29-ാമത് ഓൾ കേരള സെലസ്റ്റിയൽ ട്രോഫി: എജിസ് ഓഫീസ് സ്റ്റാഫ് റീക്രിയേഷൻ ക്ലബ്ബിന് തകർപ്പൻ വിജയം

തിരുവനന്തപുരം: സെന്റ് സേവിയേഴ്സ് കെസിഎ ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻസ് റൗണ്ട് ലീഗ് മത്സരത്തിൽ ലിറ്റിൽ മാസ്റ്റേഴ്സ് സിസിക്കെതിരെ എജിസ് ഓഫീസ് സ്റ്റാഫ് റീക്രിയേഷൻ ക്ലബ്ബിന് 85 റൺസിന്റെ തകർപ്പൻ വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ എജിസ് ഓഫീസിന് തുടക്കം തകർച്ചയോടെയായിരുന്നു.
പത്താം ഓവറിൽ സച്ചിൻ ബേബി ഉൾപ്പെടെ അഞ്ച് മുൻനിര വിക്കറ്റുകൾ വെറും 53 റൺസിന് നഷ്ടമായെങ്കിലും, പിന്നീട് ഒത്തുചേർന്ന സച്ചിൻ സുരേഷ് – എം.എസ്. അഖിൽ സഖ്യം ടീമിനെ വമ്പൻ സ്കോറിലേക്ക് നയിച്ചു. 66 പന്തിൽ 81 റൺസ് നേടിയ സച്ചിൻ സുരേഷും, 54 പന്തിൽ 72 റൺസ് നേടിയ എം.എസ്. അഖിലും ചേർന്നാണ് ടീമിന് മാന്യമായ സ്കോർ സമ്മാനിച്ചത്.
നിശ്ചിത 30 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ എജിസ് ഓഫീസ് 220 റൺസ് അടിച്ചുകൂട്ടി. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി അബിൻ ജെ ലാൽ 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് സിസി 25.4 ഓവറിൽ 135 റൺസിന് എല്ലാവരും പുറത്തായി. 73 പന്തിൽ 77 റൺസ് നേടിയ രോഹൻ നായർ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും മറ്റ് ബാറ്റിംഗ് നിരയിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല.

മികച്ച പ്രകടനത്തിന് എം.എസ്. അഖിലിനെ പ്ലേയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു.