കെ.എസ്. അരവിന്ദിന് സെഞ്ചുറി; ഗ്ലോബ്സ്റ്റാർ ടെലികോം ചാമ്പ്യൻസ് റൗണ്ടിൽ

തിരുവനന്തപുരം: 29-ാമത് ഓൾ കേരള സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ലൂങ്‌സ് ക്രിക്കറ്റ് അക്കാദമിയെ 144 റൺസിന് തകർത്ത് ഗ്ലോബ്സ്റ്റാർ ടെലികോം ക്രിക്കറ്റ് ക്ലബ് ചാമ്പ്യൻസ് റൗണ്ടിലേക്ക് യോഗ്യത നേടി. സെന്റ് സേവ്യേഴ്സ് കെ.സി.എ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗ്ലോബ്സ്റ്റാർ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലൂങ്‌സ് അക്കാദമി 22.3 ഓവറിൽ 157 റൺസിന് എല്ലാവരും പുറത്തായി.
ബാറ്റിംഗ് വെടിക്കെട്ട്
ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ്സ്റ്റാർ നിശ്ചിത 30 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 301 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. കെ.എസ്. അരവിന്ദിന്റെ തകർപ്പൻ സെഞ്ചുറിയാണ് (64 പന്തിൽ 110 റൺസ്) ഇന്നിംഗ്‌സിന് കരുത്തായത്. എം. റാബിൻ കൃഷ്ണ (76), വിനൂപ് മനോഹരൻ (54), രോഹിത് കെ. രാജേഷ് (38) എന്നിവരും ബാറ്റിംഗിൽ മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലൂങ്‌സ് അക്കാദമിക്ക് ഗ്ലോബ്സ്റ്റാർ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഗിരിധർ ആർ. രാഘവ് (44*), സാലിഖ് (33) എന്നിവർ പൊരുതിയെങ്കിലും മറ്റാർക്കും തിളങ്ങാനായില്ല. 4 ഓവറിൽ വെറും 9 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ റാബിൻ കൃഷ്ണയാണ് ലൂങ്‌സിന്റെ ബാറ്റിംഗ് നിരയെ തകർത്തത്.
ഗ്ലോബ്സ്റ്റാർ ടെലികോം സി.സി: 301/5 (30 ഓവർ)
ലൂങ്‌സ് ക്രിക്കറ്റ് അക്കാദമി: 157/10 (22.3 ഓവർ)
മാൻ ഓഫ് ദി മാച്ച്: കെ.എസ്. അരവിന്ദൻ