2023 ഫോർമുല 1 സീസൺ മുതൽ ആറ് സ്പ്രിന്റ് റേസുകൾ നടത്തുന്നതിന് എഫ്‌.ഐ.എ അംഗീകാരം

2023 ഫോർമുല 1 സീസൺ മുതൽ നടത്തേണ്ട സ്പ്രിന്റ് റേസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ചു. ഇതോടെ സ്പ്രിന്റ് റേസുകളുടെ എണ്ണം മൂന്നിൽ നിന്ന് ആറായി വർദ്ധിക്കും. സ്പ്രിന്റ് സെഷനുകൾ 2021ലാണ് ഫോർമുല 1-ൽ ആദ്യമായി അവതരിപ്പിച്ചത്. യോഗ്യതാ റൗണ്ട് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയും ഞായറാഴ്ചത്തെ ഗ്രാൻഡ് പ്രിക്കായി ഗ്രിഡ് സജ്ജീകരിക്കുന്നതിന് ശനിയാഴ്ചയിലേക്ക് 100 കിലോമീറ്റർ ദൈര്‍ഘ്യമുള്ള സ്പ്രിന്റ് റേസ് അവതരിപ്പിക്കുകയുമാണ് ഫോർമുല 1 ചെയ്തത്.

2021-ൽ ആദ്യമായി ബ്രിട്ടണും ബ്രസീലും ഇറ്റലിയിലെ മോൺസയുമായിരുന്നു വേദികൾ. എന്നാൽ 2022-ൽ ബ്രസീലിൽ വേദി നിലനിർത്തിയപ്പോൾ പുതുതായി ഓസ്ട്രിയയിലെ റെഡ്ബുൾ റിങ്ങും ഇറ്റലിയിലെ ഇമോളായും വേദികളായി പ്രഖ്യാപിച്ചു. 2023 മുതൽ ഉള്ള വേദികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

2023 ലെ ഫോർമുല 1 സീസണു ആയി ജോ ഗ്വാൻയുവിനെ നിലനിർത്തി ആൽഫ റോമിയോ

സ്വിസ് ടീമായ ആൽഫ റോമിയോ 2023 ലെ ഫോർമുല-1 സീസണിനായി ഗ്വാന്യൂവിനെ നിലനിർത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022 ലെ അതേ ടീമുമായാണ് 2023-ലും ആൽഫ റോമിയോ രംഗത്തിറങ്ങുക. വാൽട്ടേരി ബോട്ടാസിന് ഇതിനകം തന്നെ ഒന്നിലധികം വർഷത്തേക്കുള്ള കരാർ അവർ നൽകി കഴിഞ്ഞു. 2022-ൽ ഫോർമുല-2 ൽ നിന്ന് ഉയർന്നു വന്നപ്പോൾ, അന്നത്തെ ഫോർമുല 2 വിജയി ഓസ്‌കാർ പിയാസ്‌ത്രിക്ക് സീറ്റ് ലഭിക്കാത്തതിനാൽ പലരും ഗ്വാന്യൂവിനെ വിമർശിചിരുന്നു. പോയിന്റ് സ്‌കോർ ചെയ്‌തിട്ടും നിരവധി പ്രശ്‌നങ്ങൾ കാറിന്റെ ഭാഗത്ത് നിന്ന് ഗ്വാന്യൂവിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും, ഇതുവരെ താരതമ്യേന മികച്ച സീസൺ ഉള്ളതിനാൽ, താരം ചൈനീസ് റേസർ ആരാധകർക്കിടയിൽ പ്രിയങ്കരനാണ്.

ഫോർമുല 1 -ൽ മത്സരിക്കുന്ന ആദ്യത്തെ ചൈനീസ് വംശജൻ എന്ന ഖ്യാതിയോടു കൂടി അരങ്ങേറിയ ഗ്വാന്യൂവിനെ പക്ഷെ ആരാധകർ ഓർത്തിരിക്കുക ബ്രിട്ടീഷ് ഗ്രാൻപ്രിയിലെ അപകടത്തിലൂടെ ആകും.
എന്നും ആ മത്സരം ഗ്വാന്യൂവിനും ആരാധകർക്കും മറക്കാനാവാത്ത ഒന്നായിരിക്കും. അത്ഭുതകരമായി ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് പിന്നീടുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനും ഗ്വാന്യൂവിന് കഴിഞ്ഞു.

“മറ്റൊരു സീസണിൽ ടീമിന്റെ ഭാഗമാകാനുള്ള അവസരം തന്നതിൽ ഞാൻ ആൽഫ റോമിയോ ടീമിനോട് നന്ദി രേഖപെടുത്തുന്നു. ഫോർമുല വണ്ണിൽ എത്തുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, ആദ്യമായി മത്സരിച്ച ആ നിമിഷം എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. ടീം അവിശ്വസനീയമായവിധം പിന്തുണയ്ക്കുകയും ആദ്യ ദിവസം മുതൽ എന്നെ സ്വാഗതം ചെയ്യുകയും ടീമുമായി പൊരുത്തപ്പെടാൻ എന്നെ സഹായിക്കുകയും ചെയ്തിരുന്നു” എന്ന് ഗ്വാന്യൂ തന്റെ കരാർ പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.

സീസൺ അവസാനത്തിൽ വില്യംസ് വിടാനൊരുങ്ങി ലത്തീഫി

2022 ഫോർമുല 1 സീസണിന്റെ അവസാനത്തിൽ കനേഡിയൻ താരമായ നിക്കോളാസ് ലത്തീഫി ടീമിൽ നിന്ന് പുറത്തുപോകുമെന്ന് വില്യംസ് റേസിംഗ് പ്രഖ്യാപിച്ചു. അലക്സാണ്ടർ ആൽബണിന്റെ കരാർ വർഷത്തിന്റെ തുടക്കത്തിൽ നീട്ടിയതിന് ശേഷം 2022 ഫോർമുല 1 സീസണിനപ്പുറം ലത്തീഫിക്ക് വില്യംസിൽ തുടരാൻ സാധ്യതയില്ലെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. 50-ലധികം ഗ്രാൻഡ് പ്രികളിൽ മത്സരിച്ച ലത്തീഫി , ഇതുവരെ ആകെ ഏഴ് പോയിന്റുകളാണ് തന്റെ 3 വർഷത്തെ കാലയളവിൽ നേടിയിട്ടുള്ളത്. ഈ വർഷം ടീമിനു വേണ്ടി ഒരു പോയിന്റുപോലും നേടാൻ ലത്തീഫിക്ക് കഴിഞ്ഞിട്ടുമില്ല.

“കഴിഞ്ഞ മൂന്ന് വർഷമായി വില്യംസ് റേസിംഗിലെ എല്ലാവർക്കും – ഫാക്ടറിയിലെ എല്ലാ ആളുകളോടും ട്രാക്ക്സൈഡിൽ ജോലി ചെയ്യുന്നവരോടും – നന്ദി പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. കഴിഞ്ഞ വർഷം ഹംഗറിയിൽ ആദ്യ പോയിന്റുകൾ നേടിയത് എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷമായിരുന്നു, ഈ ടീമിനൊപ്പമുള്ള കാലയളിവിലെ ഓർമ്മകളുമായി ഞാൻ എന്റെ കരിയറിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കും. സീസണിന്റെ അവസാനം വരെ ഞങ്ങൾ എല്ലാ ശ്രമങ്ങളും തുടർന്നുകൊണ്ടേ ഇരിക്കും.” എന്ന് ലത്തീഫി പറഞ്ഞു.

മക്‌ലാരൻ വിടുന്ന ഡാനിയൽ റിക്കിയാർഡോയ്‌ക്കൊപ്പം നിക്ക് ഡി വ്രീസ്, ലോഗൻ സാർജന്റ്, മിക്ക് ഷൂമാക്കർ എന്നിവരുടെ പേരുകളാണ് അടുത്ത വർഷം വില്യംസിൽ ലത്തീഫിക്ക് പകരം മത്സരിക്കാൻ സാധ്യത ഉള്ളവരുടെ പട്ടികയിലുള്ളത്. പകരക്കാരന്റെ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കും.

2023 ഫോർമുല 1 സീസണിന്റെ മത്സരക്രമം പുറത്തു വന്നു

ബഹ്‌റൈനിൽ ആരംഭിച്ച് അബുദാബിയിൽ അവസാനിക്കുന്ന 2023 എഫ് 1 സീസണിന്റെ മത്സരക്രമം എഫ്‌.ഐ.എ പുറത്തിറക്കി. ചരിത്രത്തിൽ ആദ്യമായി 24 മത്സരങ്ങളോടുകൂടിയാണ് 2023-ലെ സീസൺ അരങ്ങേറുക. മാർച്ച് 5 ന് ബഹ്‌റൈൻ ഗ്രാന്റ് പ്രീയിൽ സീസൺ ആരംഭിച്ച് , നവംബർ 26 ന് അബുദാബി ഗ്രാന്റ് പ്രീയിൽ വെച്ച് സീസൺ അവസാനിക്കും . ചൈനീസ് ഗ്രാന്റ് പ്രീയും ഖത്തർ ഗ്രാന്റ് പ്രീയും തിരിച്ചുവന്നപ്പോൾ, പുതുതായി ലാസ് വേഗസ് ഗ്രാന്റ് പ്രീയാണ് കൂട്ടിച്ചേർത്തത്.

2023 F1 മത്സരക്രമത്തിന്റെ പൂർണരൂപം താഴെ കാണാം:

“2023 എഫ്‌.ഐ‌.എ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് കലണ്ടറിലെ 24 മൽസരങ്ങളുടെ സാന്നിധ്യം ആഗോളതലത്തിൽ വളർച്ചയുടെയും ആകർഷണീയതയുടെയും കൂടുതൽ തെളിവാണ്.പുതിയ വേദികളുടെ കൂട്ടിച്ചേർക്കലും ചില വേദികളുടെ നിലനിർത്തലും എഫ്‌.ഐ‌.എ യുടെ മികച്ച മേൽനോട്ടത്തിന്റെ ഫലമാണ്. ഫോർമുല 1 ന്റെ ആവേശകരമായ റേസിങ്ങിന്റെ പുതിയ യുഗം ഏറ്റെടുക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്” എന്ന് എഫ്‌.ഐ‌.എ മേധാവി മുഹമ്മദ് ബിൻ സുലായം പറഞ്ഞു.

ഫോർമുല വൺ ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ ആൽബണിന് പകരം നിക്ക് ഡി വ്രീസ്

മോൻസയിൽ നടക്കുന്ന ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ, നിക്ക് ഡി വ്രീസിന്റെ ഫോർമുല വൺ അരങ്ങേറ്റം വില്യംസ് സ്ഥിരീകരിച്ചു. അപ്പെൻഡിസൈറ്റിസ് ബാധിച്ച അലക്സാണ്ടർ ആൽബോണിന് പകരക്കാരൻ ആയാണ് ഡി വ്രീസ് ഫോർമുല വൺ അരങ്ങേറുന്നത്. ആൽബണിനെ അപ്പെൻഡിസൈറ്റിസ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിന്റെ ഫലമായി, ആൽബോണിനെ ഡോക്ടർമാർ മോൺസയിൽ മത്സരിക്കാൻ അനുവദിച്ചില്ല. അതുകൊണ്ട് തന്നെ മെഴ്‌സിഡസ് റിസർവ് ഡ്രൈവർ ഡി വ്രീസിനെ പകരം കൊണ്ടുവരാൻ വില്യംസ് റേസിംഗ് നിർബന്ധിതരായി.

ഫോർമുല വൺ സ്‌പാനിഷ് ഗ്രാന്റ് പ്രീയിൽ 2022-ലെ തന്റെ ആദ്യത്തെ എഫ്‌പി 1(ഫ്രീ പ്രാക്ടീസ്) ഡ്രൈവ് ചെയ്യുവാൻ ഡച്ചുകാരനായ ഡി വ്രീസ് ഉണ്ടായിരുന്നു. അതിനുശേഷം, ഫ്രഞ്ച് ജിപിയിൽ മെഴ്‌സിഡസിനൊപ്പവും നടന്നുകൊണ്ടിരിക്കുന്ന ഇറ്റാലിയൻ ജിപിയിൽ ആസ്റ്റൺ മാർട്ടിനുമൊപ്പവും അദ്ദേഹം എഫ്‌പി 1-ൽ പങ്കെടുക്കുകയുണ്ടായി. ഫോർമുല ഇ ചാമ്പ്യനായ ഡി വ്രീസ്, ഒടുവിൽ മോൻസയിൽ തന്റെ ദീർഘകാലമായി കാത്തിരുന്ന ഫോർമുല വൺ അരങ്ങേറ്റം നടത്തും.

കാസ്പർ ഷിമൈക്കിളിന്റെ അഭാവം: ലെസ്റ്റർ സിറ്റിയുടെ തകർച്ചക്ക് വഴി വച്ചോ?

മുൻ ലെസ്റ്റർ സിറ്റി ക്യാപ്റ്റൻ ഷിമൈക്കിളിന്റെ അഭാവത്തിൽ സീസൺ തുടങ്ങിയ ലെസ്റ്റർ ഇതുവരെ പ്രീമിയർ ലീഗിൽ ഒരു കളിയിൽ പോലും ജയം നേടിയിട്ടില്ല . താരത്തിന്റെ വിടവ് നികത്താൻ നിലവിൽ ഗോൾ വല കാക്കുന്ന ഡാനി വാർഡിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. 6 മത്സരങ്ങൾ അവസാനിച്ചപ്പോൾ 16 ഗോളുകളാണ് ലെസ്റ്റർ വഴങ്ങിയത്. വിഖ്യാതമായ 2016 ലെ പ്രീമിയർ ലീഗ് വിജയത്തിന് ശേഷം ടീമിലെ മിക്ക അംഗങ്ങളും കൂടുമാറിയപ്പോൾ തന്റെ സ്ഥാനം നിലനിർത്തി ടീമിന്റെ ഇതിഹാസമായി മാറിയ ഷിമൈക്കിൾ, കിംഗ് പവർ സ്റ്റേഡിയത്തിലെ 11 വർഷത്തിന് ശേഷം ഫ്രഞ്ച് ടീമായ നീസിലേക്ക്
അപ്രതീക്ഷിതമായാണ് കൂട് മാറിയത്. 2016-ൽ കിരീടം നേടിയ ടീമിലെ ജാമി വാർഡി, മാർക്ക് ആൽബ്റൈറ്റൺ, ഡാനിയൽ അമർട്ടെ എന്നിവർ മാത്രമാണ് ഇപ്പോൾ ലെസ്റ്ററിൽ തുടരുന്നത്.

പുതുമുഖങ്ങളെ കൊണ്ടുവരാൻ കഴിയാത്തതിനെക്കാൾ പ്രധാന കളിക്കാരുടെ വിടവാങ്ങലാണ് ക്ലബ്ബിന്റെ ഫോമിലെ ഇടിവ് സംഭവിക്കാൻ കൂടുതൽ കാരണം എന്നാണ് ആരാധകർ വിശ്വസിക്കുന്നത് . കഴിഞ്ഞയാഴ്ച ലെസ്റ്റർ ചെയർമാൻ ക്ലബ് സാമ്പത്തികമായി സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ അവരുടെ ചെലവുകൾ നിയന്ത്രിക്കേണ്ടിവരുമെന്ന് വെളിപ്പെടുത്തി, ഇത് മൂലം റോഡ്‌ജേഴ്സിന് തന്റെ ടീമിനെ ശക്തിപ്പെടുത്താൻ കഴിഞ്ഞില്ല. ഈ കഴിഞ്ഞ ട്രാൻസ്ഫർ സീസണിൽ വെറും രണ്ടു പേരെ മാത്രമാണ് ലെസ്റ്ററിന് ടീമിലെത്തിക്കാൻ കഴിഞ്ഞത്. ട്രാൻസ്ഫർ മാർക്കറ്റിൽ വേണ്ട സഹായം തനിക്കും ടീമിനും ലഭിച്ചില്ല എന്നു ലെസ്റ്റർ പരിശീലകൻ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.

“ഷിമൈക്കിൾ 11 വർഷമായി ടീമിന്റെ കൂടെ ഉണ്ടായിരുന്നു , പിച്ചിന് പുറത്തുള്ള സ്വാധീനം അതിലും വലുതായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ലെസ്റ്ററിന്റെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. ക്രിസ്‌ത്യൻ ഫ്യൂഷ്‌സ്, വെസ് മോർഗൻ എന്നിവരെപ്പോലുള്ള മറ്റ് കളിക്കാരെ നിങ്ങൾക്ക് നഷ്ടപ്പെടുകയും ചെയ്യുമ്പോൾ, അത് അത്ര മാത്രം ടീമിനെ ബാധിക്കും.” എന്നാണ് മുൻ ലെസ്റ്റർ താരം ഡാനി സിംപ്‌സൺ പ്രതികരിച്ചത്. എന്നാൽ ടീമിന് തിരിച്ചുവരാൻ ഒരു വിജയം മതിയെന്ന് തനിക്ക് അറിയാം. ബ്രെന്റ്‌ഫോർഡ് ഗെയിമിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ നോക്കൂ, അവർ അവസാന സ്ഥാനത്തായിരുന്നു. ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾക്ക് ആ ഒരു വിജയം മാത്രം മതി എന്നും സിംപ്‌സൺ കൂട്ടിച്ചേർത്തു.

ലെസ്റ്റർ വീണ്ടും വിജയത്തിന്റെ പാതയിൽ തിരിച്ചുവന്ന് പ്രീമിയർ ലീഗിലെ മുൻനിരയിൽ എത്തിച്ചേരുമോ എന്ന് വരും ദിനങ്ങളിൽ കാത്തിരുന്നു കാണേണ്ടി വരും. ലെസ്റ്ററിന്റെ അടുത്ത മത്സരം ശനിയാഴ്ച്ച ആസ്റ്റൺ വില്ലയോടാണ്. ഇതിൽ ജയം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കോച്ച് ബ്രെണ്ടൻ റോജർസിന്റെ സ്ഥാനം ചിലപ്പോൾ തെറിച്ചേക്കാം.

ഡാനിയൽ റിക്കിയാർഡോ മക്ലാരൻ വിടുന്നു | Report

ഈ സീസണിനു ശേഷം ഡാനിയൽ റിക്കിയാർഡോ മക്ലാരൻ വിടും

2022 ഫോർമുല 1 സീസണിന്റെ അവസാനത്തിൽ, ഡാനിയൽ റിക്കിയാർഡോ കരാർ അവസാനിപ്പിച്ചുകൊണ്ട് ടീമിൽ നിന്ന് വിടവാങ്ങുമെന്ന് മക്ലാരൻ സ്ഥിരീകരിച്ചു. ആൽപൈൻ വിട്ട് ഫെർണാണ്ടോ അലോൻസോ ആസ്റ്റൺ മാർട്ടിനൊപ്പം ചേർന്നപ്പോൾ തുടങ്ങിയ ഊഹാപോഹങ്ങൾ, 2023 ലേക്കുള്ള കരാർ ഉണ്ടായിരുന്നിട്ടും 2022 സീസണിന്റെ അവസാനത്തിൽ റിക്കിയാർഡോ ടീമിൽ നിന്ന് പുറത്തുപോകുമെന്ന് മക്ലാരൻ സ്ഥിരീകരിച്ചു.2022-ലെ ആദ്യ പകുതിയുടെ ഭൂരിഭാഗവും റിക്കിയാർഡോ മക്‌ലാരനുമായി പൊരുത്തപ്പെടാതെ നിരന്തരം തന്റെ ടീമംഗമായ ലാൻഡോ നോറിസിന് പിന്നിലായിരുന്നു മത്സരം അവസാനിപ്പിച്ചിരുന്നത് . ഓസ്കാർ പിയാസ്ട്രി മക്ലാരനുമായി ചേരുമെന്ന ഊഹാപോഹങ്ങൾ ഉയരാൻ തുടങ്ങിയപ്പോൾ തന്നെ റിക്കിയാർഡോയുടെ മക്ലാരനിലെ ഭാവിയെ പറ്റി ചർച്ചകൾ നടന്നിരുന്നു.
റിക്കിയാർഡോയുടെ വിടവാങ്ങലോടുകൂടി, 2023-ൽ നോറിസിനൊപ്പം പിയാസ്‌ട്രി അദ്ദേഹത്തിന്റെ സ്ഥാനത്തെത്താൻ സാധ്യതയുണ്ട്.

“കഴിഞ്ഞ രണ്ട് സീസണുകളിൽ മക്ലാരൻ റേസിംഗ് കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു പദവിയാണ്, എന്നാൽ ടീം ഉടമസ്ഥരുമായി നിരവധി മാസങ്ങൾ നടത്തിയ ചർച്ചകൾക്ക് ശേഷം ടീമുമായുള്ള എന്റെ കരാർ നേരത്തെ അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ എന്റെ ഭാവി പദ്ധതികൾ പ്രഖ്യാപിക്കും, എന്നാൽ ഈ അടുത്ത അധ്യായം എന്ത് കൊണ്ടുവരുന്നു എന്നത് പരിഗണിക്കാതെ തന്നെ, മക്‌ലാരന് നൽകിയ പ്രയത്നത്തിൽ ഞാൻ അഭിമാനിക്കുന്നു, പ്രത്യേകിച്ച് കഴിഞ്ഞ സീസണിൽ മോൺസയിലെ വിജയത്തിൽ. കൂടാതെ സീസണിന്റെ ശേഷിക്കുന്ന സമയം ഒരുമിച്ച് ആസ്വദിക്കുമ്പോൾ എന്റെ ട്രാക്കിലും ഓഫ് ട്രാക്കിലും എന്റെ പരമാവധി നൽകുകയും ചെയ്യും. ” ട്വിറ്ററിലൂടെയും ഇൻസ്റാഗ്രാമിലൂടെയും റിക്കിയാർഡോ പറഞ്ഞു.

“കഴിഞ്ഞ രണ്ട് സീസണുകളിൽ ഇതുവരെ ഡാനിയേലിന്റെ സമർപ്പണത്തിനും സംഭാവനയ്ക്കും ഞാൻ നന്ദി പറയുന്നു. പങ്കിട്ട വെല്ലുവിളികൾക്കിടയിലും, അദ്ദേഹം എല്ലായ്പ്പോഴും ഒരു പോരാട്ട വീര്യവും പോസിറ്റീവുമായി തിരിഞ്ഞ് ടീമിനെ എല്ലായ്പ്പോഴും മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു . മൊൺസയിലെ ആ അവിസ്മരണീയമായ റേസ് വിജയം ഞങ്ങൾ ഒരിക്കലും മറക്കില്ല, അത് മുഴുവൻ ടീമിനും മികച്ച ഉത്തേജനമായിരുന്നു. കൺസ്ട്രക്‌റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ ഞങ്ങൾക്ക് മുന്നിലുള്ള ഒരു സുപ്രധാന പോരാട്ടം ബാക്കിയുണ്ട്, ഡാനിയേലും ലാൻഡോയും അവസാന നിമിഷം വരേ പോരാടി ഈ സീസൺ അവസാനിപ്പിക്കുമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാണ് ടീം ഉടമ ആൻഡ്രിയാസ് സെയ്ഡൽ റിക്കിയാർഡോ വിഷയത്തിൽ പ്രതികരിച്ചത്.

2022/23 ഫോർമുല ഇ സീസണിൽ അലക്സാണ്ടർ സിംസിന് പകരക്കാരനായി ലൂക്കാസ് ഡി ഗ്രാസി മഹീന്ദ്രയുമായി കരാർ ഒപ്പുവെച്ചു

മുൻ ഫോർമുല ഇ ലോക ചാമ്പ്യൻ ലൂക്കാസ് ഡി ഗ്രാസിയെ മഹീന്ദ്ര റേസിംഗുമായി കരാർ ഒപ്പുവച്ചു. ഫോർമുല വണ്ണും, 24 മണിക്കൂർ ലെ മാൻസിലും മൂന്ന് പോഡിയങ്ങളും ഉൾപ്പെടുന്ന ഒരു കരിയറും , ഫോർമുല ഇ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഡ്രൈവറും ആണ് ഡി ഗ്രാസി. ജെൻ 3 കാലഘട്ടത്തിൽ ചാമ്പ്യൻഷിപ്പ് കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് മഹിന്ദ്ര ഡി ഗ്രാസിയുമായി കരാർ ഒപ്പുവെച്ചത്.
നിലവിലെ ഡ്രൈവർ ഒലിവർ റൗലൻഡുമായി ചേരുന്ന ഡി ഗ്രാസി, മഹീന്ദ്ര റേസിംഗിന്റെ ജെൻ 3 ടെസ്റ്റിംഗ് പ്രോഗ്രാമിൽ പങ്കെടുക്കും, അടുത്ത വർഷത്തിന്റെ തുടക്കത്തിൽ പരമ്പരയ്ക്കായി ഒരു പുതിയ യുഗം ആരംഭിക്കുകയും ടീമിന്റെ ലോക ചാമ്പ്യൻഷിപ്പ് കിരീടമോഹങ്ങൾ കൈവരിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും.

2014-ൽ ബീജിംഗിൽ നടന്ന ആദ്യത്തെ ഫോർമുല ഇ റേസ് വിജയിച്ചത് മുതൽ ഈ വാരാന്ത്യത്തിൽ സിയോളിൽ നടന്ന തന്റെ നൂറാമത്തെ മത്സരത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിൽക്കുന്നതുവരെ, ഡി ഗ്രാസി എട്ട് സീസണുകളിലും മത്സരശക്തി തെളിയിച്ചിരുന്നു. മൊത്തത്തിൽ അദ്ദേഹം 13 റേസ് വിജയങ്ങളും റെക്കോർഡ് ഭേദിച്ച 38 പോഡിയങ്ങളും മൂന്ന് പോൾ പൊസിഷനുകളും നേടി, മൊത്തം 994 ചാമ്പ്യൻഷിപ്പ് പോയിന്റുകൾ നേടി ഫോർമുല ഇയിൽ നേടി. 2015-16 ൽ എബിടി സ്‌പോർട്‌സ്‌ലൈനിനൊപ്പം ചാമ്പ്യൻഷിപ്പ് നേടി, 2023 സീസണിന്റെ തുടക്കം മുതൽ മഹീന്ദ്ര റേസിംഗ് ഉപഭോക്തൃ ടീമായി എബിടി സ്‌പോർട്‌സ്‌ലൈനിനെ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

“മഹീന്ദ്രയിൽ ചേരുന്നത് എന്റെ കരിയറിലെ ഒരു പുതിയ വെല്ലുവിളിയാണ് . FIA ഫോർമുല E ലോക ചാമ്പ്യൻഷിപ്പിന്റെ ഒമ്പതാം സീസണിൽ ജെൻ 3 അവതരിപ്പിക്കുന്നതോടെ, എല്ലാവരും ആദ്യം മുതൽ ആരംഭിക്കുന്നു. എബിടി സ്‌പോർട്‌സ്‌ലൈനുമായി ഒരുമിച്ച് നേടിയ ലോക ചാമ്പ്യൻഷിപ്പും അതുകൂടാതെ ഏഴ് വർഷത്തെ ബന്ധം പുലർത്തുന്നതും ഞങ്ങൾക്ക് ഒരു നല്ല പ്രതീക്ഷ നൽകും.” എന്നാണ് ലൂക്കാസ് ഡി ഗ്രാസി മഹീന്ദ്രയിൽ എത്തിയ ശേഷം പറഞ്ഞത്. 2023-ൽ, ആദ്യമായി ഇന്ത്യയിലെ ഹൈദരാബാദും ബ്രസീലിലെ സാവോ പോളോയിലും ഫോർമുല ഇ റേസുകൾ നടക്കും. ഇത് മഹീന്ദ്ര റേസിംഗിനും 38 കാരനായ ഡി ഗ്രാസിക്കും അവരുടെ സ്വന്തം തട്ടകത്തിലുള്ള ആവേശകരമായ ഒരു മത്സരങ്ങളായിരിക്കും.

Story Highlight : Formula E legend Lucas Di Grassi signs with Mahindra Racing for 2022/23 season.

ഫോർമുല വണ്ണിൽ രണ്ടാം പകുതിയിൽ തങ്ങളുടെ ശൈലി മാറ്റേണ്ടതില്ലെന്ന് ഫെറാറി ഉടമ ബിനോട്ടോ

ഫോർമുല വണ്ണിൽ രണ്ടാം പകുതിയിൽ തങ്ങളുടെ ശൈലി മാറ്റേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി ഫെറാറി ഉടമ ബിനോട്ടോ. വളരെ ശക്തമായ രീതിയിലായിരുന്നു ഫെറാറി ഈ സീസൺ ആരംഭിച്ചത്. ബഹ്‌റൈനിൽ വെച്ചു നടന്ന ആദ്യ മത്സരത്തിൽ തന്നെ പോൾ പൊസിഷനും വിജയവും കൂടെ വേഗമേറിയ ലാപ്പും നേടാൻ ഫെറാറിയുടെ ചാൾസ് ലെക്ലെർക്കിന് സാധിച്ചു. പിന്നീട് നിരവധി തവണ എൻജിൻ തകരാറ് സംഭവിക്കുകയും,തന്ത്രങ്ങളിലെ പിഴവുകളും,അപകടം സംഭവിച്ചതിൽ നിന്നും അവർക്ക് നഷ്ടമായത് അവരുടെ ആധിപത്യമാണ്. ഈ അവസരം മുതലെടുത്ത് റെഡ്ബുൾ മുന്നേറുകയും ചെയ്തു.

എന്നാൽ സീസണിന്റെ രണ്ടാം പകുതി ആരംഭിക്കാനിരിക്കെയാണ്, തങ്ങളുടെ ശൈലിയിലോ സമീപനത്തിലോ മാറ്റം വരുത്തേണ്ടതില്ലെന്ന് ഫെറാറിയുടെ ടീം ഉടമ മാറ്റിയ ബിനോട്ടോ അവകാശപ്പെട്ടത്. ബിനോട്ടോയുടെ ചുമതലയിൽ ഇത് നാലാം തവണയാണ് ഫെറാറി മത്സരിക്കുന്നത്. മോശം തന്ത്രങ്ങളും വാഹനത്തിന്റെ തകരാറുകളും തന്റെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടു പോലും, തന്റെ ടീം ശരിയായ പാതയിൽ തന്നെയാണ് എന്നാണ് ബിനോട്ടോയുടെ വിശ്വാസം. “മാറ്റേണ്ടതായി ഒന്നുമില്ല. എപ്പോഴും ആത്മവിശ്വാസം, അനുഭവം,കഴിവ് എന്നിവയിൽ ആണ് കാര്യം എന്ന് ഞാൻ കരുതുന്നു ” ബിനോട്ടോ പറഞ്ഞു.

ഇനി 9 റേസുകൾ മാത്രം, ഫോർമുല വൺ കിരീടം നിലനിർത്താൻ ഒരുങ്ങി വേർസ്റ്റപ്പെൻ, അത്ഭുതം പ്രതീക്ഷിച്ചു ലെക്ലെർക്

ഫോർമുല വണ്ണിൽ സീസൺ പകുതിയോളം അവസാനിച്ചപ്പോള്‍, 258 പോയിന്റുമായി റെഡ് ബുള്ളിന്റെ മാക്സ് വേർസ്റ്റപ്പെൻ ഒന്നാമത് തുടരുകയാണ്. തന്റെ തൊട്ടു താഴെയുള്ള ഫെറാറിയുടെ ചാൾസ് ലെക്ലെർക്കിനേക്കാള്‍ 80 പോയിന്റിന്റെ മുൻതൂക്കമുണ്ട് വേർസ്റ്റപ്പെന്. റെഡ്ബുള്ളിന്റെ തന്നെ സെർജിയോ പേരെസ് 173 പോയന്റുമായി മൂന്നാം സ്ഥാനത്ത് ആണ്. ഇതുവരെ പതിമൂന്ന്‌ റേസുകൾ പൂർത്തിയായപ്പോൾ അതിൽ എട്ട് തവണയും വിജയം വേർസ്റ്റപ്പെന്റെ കൂടെ ആയിരുന്നു . മൂന്ന് തവണ ഫെറാറിയുടെ ലെക്ലെർക്കും ഒരു തവണ വീതം ഫെറാറിയുടെ സെയിൻസും റെഡ്ബുള്ളിന്റെ പെരെസും വിജയം നേടി.

ഉടമസ്ഥരുടെ പോയിന്റ് പട്ടികയിൽ 431 പോയിന്റോടെ റെഡ്ബുള്ളാണ് ഒന്നാം സ്ഥാനത്ത്. ഈ സീസൺ തുടക്കത്തില്‍ ഫെറാറി പുറത്തെടുത്ത പ്രകടനം പിന്നീടുള്ള റേസുകളിൽ അവർക്ക് പുറത്തെടുക്കാൻ ആയില്ല. നിരവധി തവണ എൻജിൻ തകരാർ മൂലവും കാർ അപകടത്തിൽ പെട്ടും ഫെറാറിക്ക് റേസ് മുഴുവിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഈ അവസരം മുതലെടുത്തു മെഴ്‌സിഡസ് ഉടമസ്ഥരുടെ പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഫെറാറിയുടെ തൊട്ടു താഴെ എത്തി. കഴിഞ്ഞ വർഷം ഏറ്റവും മോശം പ്രകടനം നടത്തുകയും അവസാന സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത ഹാസ്, ഈ വർഷം മികച്ച പ്രകടനം പുറത്തെടുത്തു പട്ടികയിൽ ഏഴാം സ്ഥാനത്താണ്. വിഖ്യാത താരം മൈക്കിൾ ഷുമാക്കറുടെ മകൻ മിക്ക് ഷുമാക്കറിന് തന്റെ കരിയറിലെ ആദ്യ പോയിന്റുകൾ ഈ വർഷം ഹാസിനു വേണ്ടി മത്സരിച്ചു നേടാൻ കഴിഞ്ഞു.

ഇനി ഒമ്പത് റേസുകൾ മാത്രമാണ് സീസണിൽ ബാക്കിയുള്ളത്. അടുത്ത റേസ് ഓഗസ്റ്റ് 28 ന് ബെൽജിയത്തിൽ വച്ചാണ് നടക്കുക . ഇനിയുള്ള റേസുകൾ ഫെറാറിക്കും മെഴ്‌സിഡസിനും നിർണായകമാണ്. കൂടുതൽ പിഴവുകൾ വരുത്താതെ മത്സരിക്കുക എന്നതാണ് ആദ്യ മൂന്നു സ്ഥാനത്തുമുള്ള ടീമുകളുടെയും പ്രധാന ലക്ഷ്യം. ഏറെ ആകാംഷയോടെ ആവും ഫോർമുല വൺ ആരാധകർ ഇനിയുള്ള മത്സരങ്ങൾ ഉറ്റുനോക്കുന്നത്. കിരീടം നിലനിർത്താൻ വേർസ്റ്റപ്പെനു ആവുമോ അല്ല ലെക്ലെർക് ഫെറാറിയും ആയി അത്ഭുതം കാണിക്കുമോ എന്നത് കാത്തിരുന്നു തന്നെ കാണാം.

ആൽബണിനെ നിലനിർത്തി വില്യംസ് റേസിംഗ്

2023 മുതൽ പുതിയ മൾട്ടി-ഇയർ ഡീലിൽ അലക്സാണ്ടർ ആൽബണിനെ ടീമിനൊപ്പം നിലനിർത്തുന്നതായി പ്രഖ്യാപിച്ചു ഫോർമുല വൺ ടീം ആയ വില്യംസ് റേസിംഗ്. ഒരു വർഷത്തെ വിട്ടു നിൽക്കലിന് ശേഷം 2022 ൽ ഫോർമുല വണ്ണിൽ വില്യംസിനു ഒപ്പം ചേർന്ന ആൽബണിനു 2023 മുതലുള്ള പുതിയ കരാർ ടീം നൽകുക ആയിരുന്നു. ഈ സീസണിൽ ഇത് വരെ വില്യംസിനൊപ്പം ആൽബൺ മികച്ച പ്രകടനമാണ് പുറത്ത് എടുത്തത്.

ഈ സീസണില്‍ തന്റെ സഹതാരം നിക്കോളാസ് ലത്തീഫിക്ക് മുമ്പേ ടീമിനായി പോയിന്റുകൾ നേടി നൽകാനും ആൽബണിനു ആയിരുന്നു. കഴിഞ്ഞ ദിവസം ആല്‍പൈന്‍ ടീം ഓസ്കാർ പിയാസ്ട്രി തങ്ങളുടെ ടീമിന് ആയി അടുത്ത വർഷം റേസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് താൻ ആല്‍പൈന്‍ ടീമിനായി അടുത്ത വർഷം ഡ്രൈവ് ചെയ്യില്ലെന്നും അവരുടെ പ്രഖ്യാപനം തനിക്ക് അറിയില്ല എന്നും പറഞ്ഞു ഓസ്കാർ തന്നെ രംഗത്ത് എത്തിയതോടെ ആല്‍പൈനു സംഭവം നാണക്കേട് ആയിരുന്നു. ഓസ്കാറിന്റെ ഈ പ്രഖ്യാപനത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തായിരുന്നു ആൽബൺ തന്നെ വില്യംസ് നിലനിര്‍ത്തിയതിന്റെ സ്ഥിരീകരണം നടത്തിയത്.

Exit mobile version