റയാൻ വില്യംസിന് ഇന്ത്യൻ പാസ്പോർട്ട്! ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കും


ഇന്ത്യൻ സീനിയർ ദേശീയ ഫുട്ബോൾ ടീം, ഓസ്‌ട്രേലിയയിൽ ജനിച്ച മുന്നേറ്റനിര താരം റയാൻ വില്യംസിനെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിനായുള്ള ദേശീയ ടീമിൽ ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്‌സിയുടെ താരമാണ് വില്യംസ്.


ഫുട്ബോൾ ഓസ്‌ട്രേലിയയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചാൽ, താരത്തിന് ഓസ്‌ട്രേലിയൻ പൗരത്വം മാറ്റി ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ കഴിയും. ഇത് നവംബർ 18-ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന നിർണായക യോഗ്യതാ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാനായേക്കും.


റയാൻ വില്യംസിന് ഇന്ത്യയുമായി ശക്തമായ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അമ്മയുടെ മുത്തച്ഛനായ ലിങ്കൺ ഗ്രോസ്റ്റേറ്റ് 1950-കളിൽ വെസ്റ്റേൺ ഇന്ത്യ ഫുട്ബോൾ അസോസിയേഷനുവേണ്ടി കളിച്ചിട്ടുണ്ട്. യുകെയിലും ഓസ്‌ട്രേലിയയിലുമായിരുന്നു വില്യംസിന്റെ ഫുട്ബോൾ ജീവിതം. 2016-ൽ ബാൺസ്ലിയ്‌ക്കൊപ്പം ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് ട്രോഫി നേടിയത് ഇതിൽ പ്രധാനമാണ്. 2023-ൽ ബംഗളൂരു എഫ്‌സിയിൽ എത്തിയ ശേഷം 46 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 5 അസിസ്റ്റുകളും നേടി ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്ക് ഒപ്പം അദ്ദേഹം ഒരു മികച്ച ഓപ്ഷനായി മാറി.


ഈ നീക്കം ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ അദ്ധ്യായം ആണ്. പിഐഒ/ഒസിഐ കളിക്കാർക്ക് വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നതിനിടെ, വിദേശത്ത് ജനിച്ച കളിക്കാർ മറ്റ് പാസ്പോർട്ടുകൾ ഉപേക്ഷിച്ച് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ തയ്യാറാകുന്നത് ഇന്ത്യൻ ഫുട്ബോളിന് ഉത്തേജനം നൽകും.

ഓസ്ട്രേലിയക്ക് മുന്നിൽ 168 എന്ന വിജയലക്ഷ്യം വെച്ച് ഇന്ത്യ

ഇന്ത്യ ഓസ്‌ട്രേലിയ ടൂർ ഓഫ് ഓസ്‌ട്രേലിയ 2025-ലെ നാലാം T20I മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 167 റൺസെടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യൻ ഇന്നിംഗ്‌സിൽ ശുഭ്മാൻ ഗില്ലാണ് ടോപ് സ്‌കോറർ. 39 പന്തിൽ 4 ബൗണ്ടറികളും 1 സിക്സറുമടക്കം അദ്ദേഹം 46 റൺസ് നേടി. അഭിഷേക് ശർമ്മ 21 പന്തിൽ 28 റൺസ് സംഭാവന ചെയ്തപ്പോൾ, ശിവം ദുബെ 18 പന്തിൽ 22 റൺസ് കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 10 പന്തിൽ 2 സിക്സറുകളോടെ 20 റൺസിന്റെ വേഗതയേറിയ ഒരു ഇന്നിംഗ്സ് കളിച്ചു. അവസാന ഓവറുകളിൽ 11 പന്തിൽ 21 റൺസെടുത്ത് പുറത്താകാതെ നിന്ന അക്സർ പട്ടേൽ സ്‌കോറിന് കരുത്ത് പകർന്നു.


ഓസ്‌ട്രേലിയൻ ബൗളർമാരിൽ നാഥൻ എല്ലിസും ആദം സാമ്പയുമാണ് തിളങ്ങിയത്. എല്ലിസ് 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ, സാമ്പ 4 ഓവറിൽ 45 റൺസ് വഴങ്ങിയെങ്കിലും 3 വിക്കറ്റുകൾ സ്വന്തമാക്കി. സേവ്യർ ബാർട്ട്ലെറ്റ്, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 56 റൺസിന്റെ കൂട്ടുകെട്ടോടെ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ അതിനുശേഷം ഓസ്‌ട്രേലിയ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചെത്തി.

നാലാം ടി20യിൽ ഓസ്‌ട്രേലിയക്ക് ടോസ്, സഞ്ജു ഇന്നും ടീമിൽ ഇല്ല


ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാം ടി20 മത്സരത്തിൽ, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ടോസ് നേടി ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. പരമ്പരയുടെ വിധി നിർണ്ണയിക്കുന്നതിൽ നിർണായകമായേക്കാവുന്ന ഒരു തീവ്രമായ മത്സരത്തിനാണ് ഇത് കളമൊരുക്കിയിരിക്കുന്നത്.


ഓസ്‌ട്രേലിയ അവരുടെ പ്ലേയിംഗ് ഇലവനിൽ നാല് മാറ്റങ്ങൾ വരുത്തി, ആദം സാംപ, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഫിലിപ്പ്, ബെൻ ഡ്വാർഷൂയിസ് എന്നിവരെ ഉൾപ്പെടുത്തി. ഇത് ടീമിന് പുതിയ ഊർജ്ജം നൽകാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ ലൈനപ്പിൽ ഉറച്ചുനിന്നു. സഞ്ജു സാംസൺ ഇന്നും ടീമിൽ ഇല്ല.

Australia (Playing XI): Mitchell Marsh(c), Matthew Short, Josh Inglis(w), Tim David, Josh Philippe, Marcus Stoinis, Glenn Maxwell, Ben Dwarshuis, Xavier Bartlett, Nathan Ellis, Adam Zampa

India (Playing XI): Abhishek Sharma, Shubman Gill, Suryakumar Yadav(c), Tilak Varma, Axar Patel, Washington Sundar, Jitesh Sharma(w), Shivam Dube, Arshdeep Singh, Varun Chakaravarthy, Jasprit Bumrah

IPL ചാമ്പ്യൻമാരായ RCB-യെ വിൽക്കുന്നു; വില 2 ബില്യൺ ഡോളർ


ബെംഗളൂരു: ഐ.പി.എൽ. ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) ഫ്രാഞ്ചൈസിയെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (United Spirits Ltd.) വിൽപ്പനയ്ക്ക് വെച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള പാനീയ ഭീമനായ ഡിയാജിയോയുടെ (Diageo) ഉപസ്ഥാപനമാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ്.


2025 ജൂണിൽ RCB തങ്ങളുടെ ആദ്യ ഐ.പി.എൽ. പുരുഷ കിരീടം നേടിയതിന് പിന്നാലെയാണ് ഈ തീരുമാനം. ടീമിന് 2 ബില്യൺ ഡോളർ വരെ (ഏകദേശം 16,600 കോടിയിലധികം രൂപ) വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കായിക ടീമുകളിലൊന്നായി RCB മാറും. ക്രിക്കറ്റ് ബിസിനസ് തങ്ങളുടെ പ്രധാന മദ്യവിപണിക്ക് പുറത്തുള്ള ‘പ്രധാനമല്ലാത്ത’ (Non-core) പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിയാജിയോ ഈ വിൽപ്പനയ്ക്ക് ഒരുങ്ങുന്നത്.

വിൽപന നടപടികൾ 2026 മാർച്ച് 31-നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രമുഖ ഇന്ത്യൻ വ്യവസായ പ്രമുഖർ ടീം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാർ പൂനാവാല സാധ്യതയുള്ള വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സൂപ്പർ കപ്പ്: സെമി ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ മുംബൈ സിറ്റിക്കെതിരെ

പനാജി, നവംബർ 5, 2025: സൂപ്പർ കപ്പ് ഗ്രൂപ്പ് ഡി-യിലെ ഏറ്റവും നിർണ്ണായകമായ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, നാളെ ഫാറ്റോർദയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7:30-നാണ് മുംബൈ സിറ്റി എഫ്‌സിയെ മഞ്ഞപ്പട നേരിടുന്നത്. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ഈ മത്സരത്തിൽ സമനില നേടിയാൽ പോലും ടീമിന് സെമിഫൈനൽ ഉറപ്പിക്കാം. എങ്കിലും, ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ പൂർത്തിയാക്കാനായി മൂന്ന് പോയിൻ്റും നേടുക എന്ന ലക്ഷ്യത്തോടെയാകും ബ്ലാസ്റ്റേഴ്‌സ് കളിക്കുക.

മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച്:
“സെമിഫൈനൽ സ്ഥാനം ഉറപ്പിക്കാൻ പോകുന്ന മുംബൈക്കെതിരായ ഈ കളി എളുപ്പമാകില്ല, ശ്രദ്ധയോയോടെയാവും ഈ മത്സരത്തെ നേരിടുക. ഞങ്ങളുടെ ടീം ആക്രമണത്തിൽ മികച്ച ഒത്തിണക്കം നേടിയിട്ടുണ്ട്, കൂടാതെ പന്ത് കൂടുതൽ സമയം കൈവശം വെച്ച് കളിക്കാനും ഞങ്ങൾക്കിപ്പോൾ ആത്മവിശ്വാസമുണ്ട്. കളിക്കാർ സംയമനം പാലിക്കുന്നതും, അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധിക്കുന്നതുമാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷവാനാക്കുന്നത്, അത് തുടരാൻ തന്നെയാവും ഞങ്ങൾ ഈ മത്സരത്തിലും ശ്രമിക്കുക”

കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുകൾ നേടി ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഡി യിൽ ഒന്നാമതാണ്. കാറ്റലയുടെ ശൈലിയുടെ പ്രതിഫലനമെന്നോണം ലക്ഷ്യബോധത്തോടെയും നിയന്ത്രണത്തോടെയും കളിക്കാനാണ് ടീമിന് സാധിച്ചത്. സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയെറ്റ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി മികച്ച ഫോമിലാണ്. ഹുവാൻ റോഡ്രിഗസ്, ബികാഷ് യുമ്നം എന്നിവരടങ്ങിയ പ്രതിരോധം ഈ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. നാല് ഗോളുകൾ നേടുകയും രണ്ട് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കുകയും ചെയ്ത ബ്ലാസ്റ്റേഴ്‌സ്, ഈ ടൂർണമെന്റിലെ മികച്ച ടീമുകളിൽ ഒന്നാണ്.

മുംബൈ സിറ്റി എഫ്‌സിയെ സംബന്ധിച്ചിടത്തോളം ഈ മത്സരം ജയിച്ചേ തീരൂ എന്ന അവസ്ഥയിലാണ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനോട് തോറ്റതോടെ അവർ നിലവിൽ മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതാണ്. സെമി സാധ്യത നിലനിർത്താൻ അവർക്ക് ജയം അനിവാര്യമാണ്, അതിലും പ്രധാനമായി കൂടുതൽ ഗോൾ മാർജിൻ നേടുകയും ചെയ്യണം. ജയത്തിൽ കുറഞ്ഞതെന്തും മുംബൈയെ പുറത്താക്കും, അതുകൊണ്ട് തന്നെ പീറ്റർ ക്രാറ്റ്കിയുടെ ടീം, ബ്ലാസ്റ്റേഴ്‌സിനെതിരെ ശക്തമായ ആക്രമണത്തോടെയാകും കളത്തിലിറങ്ങുക, അതുകൊണ്ട് തന്നെ ഇരു ടീമിനും ഇതൊരു കടുപ്പമേറിയ പോരാട്ടമായി മാറുമെന്നതിൽ സംശയമില്ല.

കൈയെത്തും ദൂരത്ത് സെമിഫൈനൽ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്‌സ്, ഈ നിർണ്ണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് പൂർണ ആത്മവിശ്വാസത്തോടെ സെമിയിൽ കയറാനാവും ശ്രമിക്കുക.

സൂപ്പര്‍ ലീഗ് കേരള; കണ്ണൂർ സ്റ്റേഡിയത്തിൽ പ്രവേശനം പ്രത്യേക ഗെയിറ്റിലൂടെ മാത്രം

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ആദ്യ ഹോം മത്സരം നവംബര്‍ 7 ന് വെള്ളിയാഴ്ച രാത്രി 7.30 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് 6.00 മണി മുതല്‍ ടിക്കറ്റുമായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.

സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം

ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും മത്സരം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം. വി.വി.ഐ.പി., വി.ഐ.പി. ടിക്കറ്റുള്ളവര്‍ കാര്‍ഗില്‍ റോഡില്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന് എതിര്‍ വശത്തെ ഗെയിറ്റ് നമ്പര്‍ ഒന്നിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്. മറൈനേഴ്‌സ് ഫോര്‍ട്ട് ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ രണ്ടിലൂടെയും കിംസ് പ്രീമിയം ടിക്കറ്റുള്ളര്‍ ഗെയിറ്റ് മൂന്നിലൂടെയും എ.ബി.സി. ഗ്യാലറി ടിക്കറ്റുള്ളര്‍ ഗെയിറ്റ് നമ്പര്‍ മൂന്ന്, നാല് വഴി അകത്തേക്ക് പ്രവേശിക്കാം. വെര്‍ട്ടൈല്‍ ഡിലക്‌സ് ടിക്കറ്റുകാരും ഗെയിറ്റ് നമ്പര്‍ നാലിലൂടെയാണ് പ്രവേശിക്കേണ്ടത്. ഡി.ഡി.സി പാത്ത്‌ലാബ്‌സ് പ്രീമിയം, അസറ്റ് ഗ്യാലറി, നിക്ഷാന്‍ ഡിലക്‌സ് ടിക്കറ്റുള്ളവര്‍ കാര്‍ഗില്‍ റോഡില്‍ ഔട്ടോ സ്റ്റാന്‍ഡിന് സമീപമുള്ള ഗെയിറ്റ് നമ്പര്‍ ഏഴിലൂടെ സ്റ്റേഡിയത്തിലെത്താം. ഗെയിറ്റ് നമ്പര്‍ അഞ്ച്, ആറ് ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, കളിക്കാര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും.

ശുചിമുറികള്‍

മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് പ്രത്യേകം ശുചിമുറികള്‍ ഒരുക്കിയിട്ടുണ്ട്. ബയോ ടോയ്‌ലറ്റ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ഗ്യാലറിയുടെയും ഇരുവശങ്ങളിലായി ഓരോ ബയോ ടോയ്‌ലറ്റുകളാണ് ഒരുക്കിയിട്ടുള്ളത്.

തകർപ്പൻ ജയത്തോടെ മലപ്പുറം എഫ്സി ഒന്നാമത്

കൊച്ചി: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയിൽ തകർപ്പൻ ജയത്തോടെ മലപ്പുറം എഫ്സി ഒന്നാംസ്ഥാനത്ത്. മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയെ 4-1 ന് തോൽപ്പിച്ചു. രണ്ടാംപകുതിയിൽ പത്തുപേരായി ചുരുങ്ങിയ കൊച്ചിക്കെതിരെ മലപ്പുറത്തിനായി ജോൺ കെന്നഡി രണ്ടും റോയ് കൃഷ്ണ, അബ്ദുൽ ഹക്കു എന്നിവർ ഓരോ ഗോളും നേടി. കൊച്ചിയുടെ ആശ്വാസഗോൾ സജീഷിന്റെ ബൂട്ടിൽ നിന്നായിരുന്നു. അഞ്ച് കളികളിൽ ഒൻപത് പോയന്റുള്ള മലപ്പുറം പട്ടികയിൽ ഒന്നാമതാണ്. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട കൊച്ചി അവസാന സ്ഥാനത്ത് നിൽക്കുന്നു.

അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സ്കോർ ചെയ്ത ബ്രസീലുകാരൻ ജോൺ കെന്നഡിക്ക് ആദ്യ ഇലവനിൽ അവസരം നൽകിയാണ് മലപ്പുറം എതിരാളികളുടെ തട്ടകത്തിൽ കളത്തിലിറങ്ങിയത്. ഒൻപതാം മിനിറ്റിൽ ടോണി എടുത്ത കോർണർ കിക്ക് നേരിട്ട് കൊച്ചിയുടെ വലയിൽ കയറിയെന്ന് തോന്നിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. കൊച്ചിയുടെ റൊമാരിയോ ജെസുരാജ്, ഗോളി റഫീഖ് അലി സർദാർ എന്നിവരെ ഫൗൾചെയ്തതിന് മലപ്പുറത്തിന്റെ ഇർഷാദ്, ജോൺ കെന്നഡി എന്നിവർക്ക് അടുത്തടുത്ത മിനിറ്റുകളിൽ മഞ്ഞക്കാർഡ് ലഭിച്ചു.

മുപ്പത്തിരണ്ടാം മിനിറ്റിൽ കൊച്ചിയുടെ ബ്രസീൽ താരം ഡഗ്ലസ് ടാർഡിൻ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് ഡച്ചുകാരൻ വാൻ കെസൽ. മുപ്പത്തിയൊൻപതാം മിനിറ്റിൽ മലപ്പുറം ഗോൾ നേടി. കൊച്ചി ഗോൾ കീപ്പർ റഫീഖ് അലി സർദാർ, റോയ് കൃഷ്ണയെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റോയ് കൃഷ്ണക്ക് പിഴച്ചില്ല 1-0. ലീഗിൽ ഫിജി താരത്തിന്റെ രണ്ടാം പെനാൽറ്റി ഗോൾ. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം ലീഡ് രണ്ടാക്കി. അലൻ സാജുവിന്റെ പാസ് സ്വീകരിച്ച് നാല് എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞ ജോൺ കെന്നഡി കരുത്തുറ്റ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു 2-0. ലീഗിൽ ബ്രസീൽ താരത്തിന്റെ മൂന്നാം ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ കീപ്പർ റഫീഖ് അലി സർദാറിനെ തിരിച്ചുവിളിച്ച കൊച്ചി അണ്ടർ 23 താരം മുഹമ്മദ്‌ മുർഷിദിനെ കളത്തിലിറക്കി. അൻപതിനാലാം മിനിറ്റിൽ മലപ്പുറത്തിന്റെ മൂന്നാം ഗോൾ വന്നു. മൈനസ് പാസ് അടിച്ചകറ്റാനുള്ള കൊച്ചിയുടെ പകരക്കാരൻ ഗോൾ കീപ്പർ മുർഷിദിന്റെ ശ്രമം പാളിയപ്പോൾ ജോൺ കെന്നഡി പന്ത് വലയിലേക്ക് തട്ടിയിട്ടു 3-0. ഇതോടെ ലീഗിൽ കെന്നഡിയുടെ ഗോൾ സമ്പാദ്യം നാലായി. അൻപത്തിയൊൻപതാം മിനിറ്റിൽ കൊച്ചിയുടെ ഗിഫ്റ്റി ഗ്രേഷ്യസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയി. മൂന്ന് മിനിറ്റിനിടെ രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങിയായിരുന്നു ഗിഫ്റ്റി ഗ്രേഷ്യസിന്റെ പുറത്താവൽ. അറുപത്തിയഞ്ചാം മിനിറ്റിൽ കൊച്ചി ഒരു ഗോൾ മടക്കി. നിജോ ഗിൽബർട്ടിന്റെ പാസ് നെഞ്ചിൽ സ്വീകരിച്ച സജീഷ് പിഴവില്ലാതെ മലപ്പുറത്തിന്റെ പോസ്റ്റിൽ പന്തെത്തിക്കുകയായിരുന്നു 3-1. പകരക്കാരനായി എത്തിയ അബ്ദുൽ ഹക്കു ഇഞ്ചുറി സമയത്ത് കോർണറിന് തലവെച്ച് മലപ്പുറത്തിന്റെ നാലാം ഗോൾ നേടി 4-1. 4998 കാണികൾ മത്സരം കാണാനെത്തി.

വെള്ളിയാഴ്ച്ച (നവംബർ 7) അഞ്ചാം റൗണ്ടിലെ അവസാന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, തൃശൂർ മാജിക് എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. മികച്ച രീതിയിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ടീമിന്റെ ആദ്യ ഹോം മത്സരമാണ് വെള്ളിയാഴ്ച്ചത്തേത്. കഴിഞ്ഞ സീസണിൽ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് കണ്ണൂർ ഹോം മത്സരങ്ങൾ കളിച്ചിരുന്നത്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സി കെ നായിഡു ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളം പൊരുതുന്നു

ചണ്ഡീഗഢ് : സി കെ നായിഡു ട്രോഫിയിൽ പഞ്ചാബിനെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളം പൊരുതുന്നു. 236 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 131 റൺസെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ കേരളത്തിന് 105 റൺസ് കൂടി വേണം. നേരത്തെ പഞ്ചാബ് ആദ്യ ഇന്നിങ്സ് നാല് വിക്കറ്റിന് 438 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. 202 റൺസായിരുന്നു കേരളം ആദ്യ ഇന്നിങ്സിൽ നേടിയത്.

ഒരു വിക്കറ്റിന് 326 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ 23 റൺസെടുത്ത ഹർജാസ് സിങ് ഠണ്ഡൻ്റെ വിക്കറ്റ് നഷ്ടമായി. തൊട്ടടുത്ത ഓവറിൽ ജസ്കരൺവീർ സിങ്ങിനെ അഭിജിത് പ്രവീണും പുറത്താക്കി.24 ബൌണ്ടറികളടക്കം 160 റൺസ് നേടിയാണ് ജസ്കരൺവീർ സിങ് മടങ്ങിയത്. തുടർന്നെത്തിയ മായങ്ക് സിങ്ങിനെയും അഭിജിത് തന്നെ പുറത്താക്കി. ഡിക്ലറേഷൻ മുന്നിൽക്കണ്ട് സ്കോറിങ് വേഗത്തിലാക്കിയ പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ ഇമൻജ്യോത് സിങ് മികച്ച പ്രകടനം കാഴ്ച വച്ചു. 40 പന്തുകളിൽ നിന്ന് ഇമൻജ്യോത് പുറത്താകാതെ 51 റൺസെടുത്തു. നാല് വിക്കറ്റിന് 438 റൺസെന്ന നിലയിൽ പഞ്ചാബ് ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ആകർഷിൻ്റെയും കാർത്തിക്കിൻ്റെയും വിക്കറ്റുകൾ നഷ്ടമായി. ആകർഷ് അഞ്ചും കാർത്തിക് ആറും റൺസ് നേടി മടങ്ങി. വരുൺ നായനാരും പവൻ ശ്രീധറും ചേർന്ന കൂട്ടുകെട്ടാണ് തുടക്കത്തിലെ തകർച്ചയിൽ നിന്ന് കേരളത്തെ കരകയറ്റിയത്. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. പവൻ ശ്രീധർ 30ഉം കാമിൽ അബൂബക്കർ നാലും ആസിഫ് അലി പൂജ്യത്തിനും പുറത്തായി. വരുൺ നായനാരും ക്യാപ്റ്റൻ അഭിജിത് പ്രവീണും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കിയെങ്കിലും അധികം നീണ്ടില്ല. 51 റൺസെടുത്ത വരുൺ ഹർഷ് ദീപ് സിങ്ങിൻ്റെ പന്തിൽ പുറത്തായി. കളി നിർത്തുമ്പോൾ അഭിജിത് പ്രവീൺ 24ഉം വിജയ് വിശ്വനാഥ് ഒരു റണ്ണും നേടി ക്രീസിലുണ്ട്.

ഇന്ത്യ U23 ടീം തായ്‌ലൻഡിനെതിരെ സൗഹൃദ മത്സരം കളിക്കും

കൊൽക്കത്ത: 2025 നവംബർ 15-ന് ബാങ്കോക്കിൽ തായ്‌ലൻഡ് U23 ടീമിനെതിരെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി ഇന്ത്യൻ U23 പുരുഷ ഫുട്ബോൾ ടീം ഒരുങ്ങുന്നു. ഫിഫ അന്താരാഷ്ട്ര മത്സര വിൻഡോയുടെ ഭാഗമായാണ് മത്സരം. പത്തുമ താനിയിലെ തമ്മാസത് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യൻ സമയം 15:30-ന് (ഉച്ചകഴിഞ്ഞ് 3:30) ആരംഭിക്കും.



നവംബർ 7-ന് കൊൽക്കത്തയിൽ പരിശീലനം ആരംഭിക്കുന്ന ബ്ലൂ കോൾട്ട്സ് (Blue Colts) പിന്നീട് ബാങ്കോക്കിലേക്ക് യാത്ര തിരിക്കും. മുഖ്യ പരിശീലകൻ നൗഷാദ് മൂസ മത്സരത്തിനായി 25-അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. പാർഥിബ് ഗോഗോയ്, വിബിൻ മോഹനൻ, മുഹമ്മദ് ഐമെൻ തുടങ്ങിയ മികച്ച യുവതാരങ്ങൾ സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.

അടുത്ത വർഷം നടക്കാനിരിക്കുന്ന U23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒരുക്കമായും ഈ സൗഹൃദ മത്സരം കണക്കാക്കപ്പെടുന്നു.

India U23 men’s list of 25 probables for Thailand friendly:

Goalkeepers: Dipesh Chauhan, Kamaludheen AKMohanraj K, Priyansh Dubey.

Defenders: Dippendu Biswas, Harsh Palande, Muhammed Saheef, Ricky Meetei Haobam, Roshan Singh Thangjam, Sanatomba Singh Yanglem, Sumit Sharma Brahmacharimayum.

Midfielders: Ayush Dev Chhetri, Lalrinliana Hnamte, Manglenthang Kipgen, Mohammed Aimen, Shivaldo Singh Chingangbam, Singamayum Shami, Vibin Mohanan, Vinith Venkatesh.

Forwards: Alan Saji, Korou Singh Thingujam, Mohammed Sanan, Parthib Gogoi, Pasang Dorjee Tamang, Thoi Singh Huidrom.

Head coach: Naushad Moosa

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് മികച്ച വിജയം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് കർണ്ണാടകയോട് തോൽവി. ഒരിന്നിങ്സിനും 164 റൺസിനുമാണ് കർണ്ണാടക കേരളത്തെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 348 റൺസിൻ്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 184 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ മൊഹ്സിൻ ഖാൻ്റെ ബൌളിങ്ങാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തെ തകർത്തത്.

സമനിലയെന്ന ലക്ഷ്യത്തോടെ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ പ്രഹരമേറ്റു. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ കേരളത്തിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഒൻപത് റൺസെടുത്ത നിധീഷിനെ വിദ്വത് കവേരപ്പ കരുൺ നായരുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ അക്ഷയ് ചന്ദ്രൻ ക്ലീൻ ബൌൾഡായി. നിലയുറപ്പിക്കും മുൻപെ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീനും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 40 റൺസെന്ന നിലയിലായിരുന്നു കേരളം. ശിഖർ ഷെട്ടിയുടെ പന്തിൽ കെ എൽ ശ്രീജിത് ക്യാച്ചെടുത്താണ് 15 റൺസെടുത്ത അസറുദ്ദീൻ മടങ്ങിയത്.

തുടർന്നെത്തിയ അഹ്മദ് ഇമ്രാനും കൃഷ്ണപ്രസാദും ചേർന്ന് നാലാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിയ ഘട്ടത്തിലാണ് കൃഷ്ണപ്രസാദിനെ ക്ലീൻ ബൌൾഡാക്കി മൊഹ്സിൻ ഖാൻ തൻ്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 33 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. തൊട്ടു പിറകെ 23 റൺസെടുത്ത അഹ്മദ് ഇമ്രാനെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ മൊഹ്സിൻ തന്നെ പുറത്താക്കി. സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന് ചെറുത്തുനില്പിന് തുടക്കമിട്ടെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഓരോവറിൽ തന്നെ സച്ചിനെയും ഷോൺ റോജറെയും ക്ലീൻ ബൌൾഡാക്കി മൊഹ്സിൻ കർണ്ണാടകയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നു. സച്ചിൻ ബേബി 12ഉം ഷോൺ റോജർ പൂജ്യത്തിനുമാണ് പുറത്തായത്. വൈകാതെ 19 റൺസെടുത്ത ബാബ അപരാജിത്തിനെയും പുറത്താക്കി മൊഹ്സിൻ ഖാൻ അഞ്ച് വിക്കറ്റ് തികച്ചു.

അനിവാര്യമായ തോൽവി നീട്ടിയത് അവസാന വിക്കറ്റിൽ ഏദൻ ആപ്പിൾ ടോമും ഹരികൃഷ്ണനും ചേർന്നുള്ള ചെറുത്തുനില്പാണ്. 23 ഓവർ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് 44 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ ഹരികൃഷ്ണനെ എൽബിഡബ്ല്യുവിൽ കുടുക്കി മൊഹ്സിൻ ഖാൻ തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. ഏദൻ ആപ്പിൾ ടോം 39ഉം ഹരികൃഷ്ണൻ ആറും റൺസെടുത്തു. കർണ്ണാടകയ്ക്ക് വേണ്ടി ആറ് വിക്കറ്റെടുത്ത മൊഹ്സിൻ ഖാന് പുറമെ വിദ്വത് കവേരപ്പ രണ്ട് വിക്കറ്റും വീഴ്ത്തി.

സീനിയർ ഇൻ്റർ-സോൺ ടി20 ട്രോഫി: നോർത്ത് സോൺ നായികയായി ഷഫാലി വർമ്മ


ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരം ഷഫാലി വർമ്മയെ (Shafali Verma) ഇന്ന് നാഗാലാൻഡിൽ (Nagaland) ആരംഭിക്കുന്ന സീനിയർ ഇൻ്റർ-സോൺ ടി20 ട്രോഫിക്കുള്ള (Senior Inter-Zone T20 Trophy) നോർത്ത് സോൺ (North Zone) ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ലോകകപ്പ് ഫൈനലിൽ (Women’s World Cup final) മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, 21 വയസ്സുകാരിയായ താരത്തിന്റെ വളർന്നുവരുന്ന കരിയറിലെ മറ്റൊരു നാഴികക്കല്ലാണിത്.


ബാറ്റ് കൊണ്ട് 87 റൺസും പന്ത് കൊണ്ട് 2 വിക്കറ്റും നേടി മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ഷഫാലിക്ക് ഫൈനലിലെ താരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ക്രിക്കറ്റ് പ്രതിഭകളിൽ ഒരാളായി അവരെ ഉയർത്തിക്കാട്ടി.


നവംബർ 4 മുതൽ 14 വരെ നടക്കുന്ന ഈ ഇൻ്റർ-സോണൽ മത്സരത്തിൽ ആറ് പ്രാദേശിക ടീമുകളാണ് പങ്കെടുക്കുന്നത്. രാജ്യത്തുടനീളമുള്ള മികച്ച വനിതാ താരങ്ങൾ ദേശീയ ശ്രദ്ധ നേടാനും ഭാവിയിൽ ദേശീയ ടീമിലേക്ക് എത്താനും ഈ ടൂർണമെന്റിൽ ശ്രമിക്കും.

The Squads: Central Zone: Nuzhat Parween (c & wk), Nikita Singh (vc), Simran Dilbahadur, Neha Badwaik, Anushka Sharma, Vaishnavi Sharma, Shuchi Upadhyay, Ananya Dubey, Mona Meshram, Suman Meena, Disha Kasat, Sampada Dixit, Anjali Singh, Amisha Bahukhandi, Nandani Kashyap (wk).

East Zone: Mita Paul (c), Ashwani Kumari (vc), Priyanka Luthra, Dhara Gujjar, Tanushree Sarkar, Rashmi Gudhia (wk), Jintimani Kalita, Rashmi Dey, Tanmayee Behera, Sushree Dibyadarshini, Titas Sahu, Saika Ishaque, Arti Kumari, Mamta Paswan, Priyanka Acharjee.

North East Zone: Debasmita Dutta (c), Nabam Yapu (vc), Kiranbala Haorungbam, Lalrinfeli Pautu, Riticia Nongbet, Najmeen Khatun (wk), Samayita Pradhan, Priyanka Kurmi, Vipeni, Nandika Kumari, Nabam Abhi, Pranita Chettri, Solina Jaba, Primula Chettri, Ranjita Koijam.

North Zone: Shafali Verma (c), Shweta Sehrawat (vc), Deeya Yadav, Ayushi Soni, Taniya Bhatia (wk), SM Singh, Bharti Rawal, Bawandeep Kour, Mannat Kashyap, Amandeep Kaur, Komalpreet Kour, Ananya Sharma, Soni Yadav, Nazma, Nandini.

West Zone: Anuja Patil (c), Sayali Satghare (vc), Poonam Khemnar, Dharani Thappetla, Tejal Hasabnis, Saima Thakor, Humairaa Kazi, Ira Jadhav, Kiran Navgire, Amrita Joseph, Kesha Patel, Arshia Dhariwal, Umeshwari Jethva (wk), Simran Patel, Ishita Khale.

South Zone: Niki Prasad (c), Sabbineni Meghana (vc), Kamalini G (wk), Vrinda Dinesh, Yuvashri K, Asha Sobhana, Challuru Prathyusha, Pranavi Chandra, Sahana Pawar, Sayali Anil Lonkar, Madiwala Mamatha (wk), Sajana Sajeevan, Monica Patel, Shabnam Shakil, Anusha Sundaresan.

റൈസിംഗ് സ്റ്റാർസ് ടി20 ഏഷ്യാ കപ്പ്: ഇന്ത്യ ‘എ’ ടീമിനെ ജിതേഷ് ശർമ്മ നയിക്കും


ഖത്തറിലെ ദോഹയിൽ നവംബർ 14 മുതൽ 23 വരെ നടക്കുന്ന എസിസി റൈസിംഗ് സ്റ്റാർസ് ടി20 ഏഷ്യാ കപ്പിനുള്ള (ACC Rising Stars T20 Asia Cup) ഇന്ത്യ ‘എ’ (India A) ടീമിന്റെ ക്യാപ്റ്റനായി ജിതേഷ് ശർമ്മയെ (Jitesh Sharma) ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. നമാൻ ധീർ (Naman Dhir) ആയിരിക്കും വൈസ് ക്യാപ്റ്റൻ.
ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രിയൻഷ് ആര്യ (Priyansh Arya), 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി (Vaibhav Suryavanshi) ഉൾപ്പെടെയുള്ള യുവ പ്രതിഭകൾ 15 അംഗ ടീമിൽ ഇടം നേടി.

ഇരുവർക്കും ഇന്ത്യ ‘എ’ ടീമിലേക്കുള്ള ആദ്യ വിളിയാണിത്. അഭിഷേക് പോറെൽ (Abishek Porel), രമൺദീപ് സിംഗ് (Ramandeep Singh), ഹർഷ ദുബെ (Harsh Dubey) തുടങ്ങിയ ശ്രദ്ധേയ താരങ്ങളും ടീമിലുണ്ട്. കൂടാതെ, ഗുർജപ്‌നീത് സിംഗ് (Gurjapneet Singh), വൈശാഖ് വിജയ്കുമാർ (Vyshak Vijaykumar) എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം ഫാസ്റ്റ് ബൗളർമാരും ടീമിന്റെ ഭാഗമാണ്.

ഈ ടൂർണമെന്റിൽ ഒമാൻ, യുഎഇ, പാകിസ്ഥാൻ ‘എ’ ടീമുകൾക്കൊപ്പമാണ് ഇന്ത്യ ‘എ’ മത്സരിക്കുന്നത്. നവംബർ 16-ന് നടക്കുന്ന ഇന്ത്യ ‘എ’ vs പാകിസ്ഥാൻ ‘എ’ മത്സരം, സീനിയർ ടീമുകൾ തമ്മിൽ സെപ്റ്റംബറിൽ ഏറ്റുമുട്ടിയതിന് ശേഷം ഇരു രാജ്യങ്ങളിലെയും പുരുഷ ടീമുകൾ തമ്മിലുള്ള ആദ്യ ക്രിക്കറ്റ് പോരാട്ടമായിരിക്കും.

India A squad for Rising Stars Asia Cup T20 tournament

Priyansh Arya, Vaibhav Suryavanshi, Nehal Wadhera, Naman Dhir (vice-capt), Suryansh Shedge, Jitesh Sharma (capt, wk), Ramandeep Singh, Harsh Dubey, Ashutosh Sharma, Yash Thakur, Gurjapneet Singh, Vijay Kumar Vyshak, Yudhvir Singh, Abishek Porel (wk), Suyash Sharma
Stand-by players: Gurnoor Brar, Kumar Kushagra, Tanush Kotian, Sameer Rizvi, Shaik Rasheed


Exit mobile version