ഏഷ്യൻ ഗെയിംസിലെ മെഡൽ കേരളത്തിന് സമർപ്പിച്ച് സീമ പൂനിയ

- Advertisement -

ഇന്തോനേഷ്യയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ കേരളത്തിന് സമർപ്പിച്ച് സീമ പൂനിയ. ഹരിയാനയുടെ ഡിസ്‌കസ് ത്രോ താരമായ സീമ പൂനിയ ഏഷ്യൻ ഗെയിംസിൽ പോക്കറ്റ് മണിയായി ഐഒഎ നല്‍കിയ 700 ഡോളറും കേരളത്തിന് സംഭാവന നല്‍കും. ഒരു ലക്ഷം രൂപ വേറെയും ദുരിതാശ്വാസത്തിന് നല്‍കുമെന്നും സീമ പറഞ്ഞു. പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിനായി മറ്റു താരങ്ങളോടും സഹായം താരം അഭ്യർത്ഥിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ ഉടനെ കൂടുതൽ ദുരിതാശ്വസ പ്രവർത്തങ്ങളുമായി താൻ സഹകരിക്കുമെന്നും പൂനിയ കൂട്ടിച്ചെർത്തു.

2014 ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായ സീമ പൂനിയയ്ക്ക് ജക്കാര്‍ത്തയില്‍ തിരിച്ചടി നേരിട്ടിരുന്നു. 62.26 മീറ്റര്‍ ദൂരം എറിഞ്ഞുവെങ്കിലും ചൈനീസ് താരങ്ങള്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തെത്തുവാനെ സീമയ്ക്ക് ആയുള്ളു. 65.12 മീറ്റര്‍ ദൂരം എറിഞ്ഞ യാംഗ് ചെന്‍ ആണ് സ്വര്‍ണ്ണം നേടിയത്. ചൈനയുടെ തന്നെ ബിന്‍ ഫെംഗ് 64.25 മീറ്റര്‍ എറിഞ്ഞ് വെള്ളിയും സ്വന്തമാക്കി.

Advertisement