ഇന്ത്യ – ഓസ്‌ട്രേലിയ ടി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ ബാറ്റിങ്ങിൽ ഒരു പിടി നാഴിക കല്ലുകൾ പിന്നിടാനിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ധോണി, രോഹിത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക് തുടങ്ങിയ താരങ്ങളാണ് അപൂര്‍വ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ 12 റണ്‍സ് കൂടെ നേടിയാല്‍ ഒരു ടി20യില്‍ ഓസ്ട്രേലിയക്ക് എതിരെ 500 റണ്‍സ് ആവും വിരാട് കോഹ്‌ലിക്ക്. ഇതുവരെ ഒരു താരവും ടി20യില്‍ ഒരു ടീമിനെതിരെ 500 റണ്‍സ് നേടിയിട്ടില്ല. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ താരമാവാന്‍ ഇരിക്കുകയാണ് കോഹ്‌ലി.
സിക്സറുകളുടെ എണ്ണത്തില്‍ റെകോര്‍ഡിടാന്‍ നില്‍ക്കുകയാണ് രോഹിത് ശര്‍മ്മ. നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 349 സിക്സുകള്‍ ആണ് രോഹിത് നേടിയിട്ടുള്ളത്. 350 സിക്സുകള്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാവാന്‍ ആണ് രോഹിത് ശ്രമിക്കുക. എന്നാല്‍ 348 സിക്സുകളുമായി എംഎസ് ധോണി രോഹിതിനു തൊട്ടുപിന്നില്‍ ഉണ്ട്, പക്ഷെ ധോണി നേടിയ 7 സിക്സറുകള്‍ ഏഷ്യന്‍ ഇലവന് വേണ്ടിയായിരുന്നു.
രണ്ടു സിക്സുകള്‍ കൂടെ നേടിയാല്‍ മറ്റൊരു നേട്ടം കൂടെ രോഹിതിനെ കാത്തിരിക്കുന്നുണ്ട്, രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമാവാന്‍ രോഹിതിനു കഴിയും. നിലവില്‍ 102 സിക്സുകള്‍ നേടിയ രോഹിതിനു മുന്നില്‍ ക്രിസ് ഗെയ്ല്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍ എന്നിവരാണുള്ളത്. രണ്ടു സിക്സുകള്‍ കൂടെ നേടിയാല്‍ വിരാട് കോഹ്‌ലി, ധോണി എന്നിവര്‍ക്ക് രാജ്യാന്തര ടി20 യില്‍ 50 സിക്സുകള്‍ തികക്കാനാവും.
പ്രൊഫഷനല്‍ ക്രിക്കറ്റില്‍ 21000 റണ്‍സ് തികക്കാന്‍ ഇരിക്കുകയാണ് ദിനേശ് കാര്‍ത്തിക്, നിലവില്‍ 20937 റണ്‍സ് ആണ് ദിനേശ് കാര്‍ത്തികിന് പ്രൊഫഷനല്‍ ക്രിക്കറ്റില്‍ സമ്പാദ്യമായിട്ടുള്ളത്. രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ 63 റണ്‍സ് കൂടെ നേടാന്‍ ആവും ദിനേശ് കാര്‍ത്തികിന്റെ ശ്രമം.