മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒലെയുടെ കീഴിലെ നല്ല കാലം അവസാനിച്ചു തുടങ്ങുകയാണോ? ഇന്നലെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിലെ ആദ്യ പാദത്തിൽ പി എസ് ജിയോട് ഏറ്റ പരാജയം മാത്രമല്ല യുണൈറ്റഡിനെ ഇപ്പോൾ അലട്ടുന്നത്. ടീമിലെ പ്രധാന രണ്ടു താരങ്ങളുടെ പരിക്ക് കൂടിയാണ്. മാഞ്ചസ്റ്റർ അറ്റാക്കിംഗ് ത്രയത്തിലെ പ്രധാനികൾ ആയ മാർഷ്യലും ലിങാർഡും പരിക്കേറ്റ് ഇന്നലെ കളം വിട്ടിരുന്നു.
സോൾഷ്യാറിനും മാഞ്ചസ്റ്ററിനും ഈ പരിക്ക് വലിയ പ്രതിസന്ധിയാണ് നൽകുന്നത്. മസിൽ ഇഞ്ച്വറി ആണ് രണ്ട് പേർക്കും എന്ന് ഒലെ ഇന്നലെ മത്സര ശേഷം വ്യക്തമാക്കി. ഇരുവരും രണ്ടാഴ്ചയെങ്കിലും ചുരുങ്ങിയത് പുറത്ത് ഇരിക്കും. അങ്ങനെ ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അത് തീരാ നഷ്ടമാകും.കാരണം അടുത്ത് രണ്ട് മത്സരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിന് ജീവന്മരണ പോരാട്ടങ്ങളാണ്.
അടുത്ത മത്സരത്തിൽ എഫ് എ കപ്പിൽ ചെൽസിയേയും, അതു കഴിഞ്ഞ് പ്രീമിയർ ലീഗിൽ ലിവർപൂളിനെയും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടേണ്ടത്. ലിംഗാർഡും മാർഷ്യലും ഇല്ലാതെ ഈ മത്സരങ്ങൾ വിജയിക്കുക പ്രയാസമായിരിക്കും. ഇന്നലെ ഇവർക്ക് പകരക്കാരായി എത്തിയ സാഞ്ചെസും മാറ്റയും ദയനീയ പ്രകടനങ്ങളായിരുന്നു കാഴ്ചവെച്ചത്.
ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ പ്രതീക്ഷ ഏതാണ്ട് അവസാനിച്ച യുണൈറ്റഡിന് ഇനി എഫ് എ കപ്പിലും തോൽവി കിട്ടിയാൽ ഈ വർഷവും കിരീടമില്ലാതെ അവസാനിപ്പിക്കേണ്ടതായി വരും.