കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിങ്കനെ സ്വന്തമാക്കാനായി ഐ എസ് എൽ ക്ലബായ എടികെ കൊൽക്കത്തയുടെ ശ്രമം വിഫലമായി. കോടികൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായി എ ടി കെ വാഗ്ദാനം ചെയ്തത്. ഈ ജനുവരി ട്രാൻസ്ഫറിൽ ജിങ്കനെ സ്വന്തമാക്കുക ആയിരുന്നു എ ടി കെയുടെ ലക്ഷ്യം. പക്ഷെ ജിങ്കനെ ഒരു കാരണത്താലും വിൽക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മറുപടി നൽകി.
ഏഷ്യൻ കപ്പിൽ ഇന്ത്യൻ ഡിഫൻസിൽ അത്ഭുതകരമായ പ്രകടനം തന്നെ ജിങ്കൻ നടത്തിയിരുന്നു. ജിങ്കന്റെ പ്രകടനങ്ങൾ ഖത്തറിൽ നിന്ന് വരെ അദ്ദേഹത്തിനെ തേടി ക്ലബുകൾ എത്താനും കാരണമായിട്ടുണ്ട്. അതിനിടയിലാണ് എ ടി കെയുടെയും ജിങ്കനെ സ്വന്തമാക്കാനുള്ള ശ്രമം. ജിങ്കനുമായി എ ടി കെ മാനേജ്മെന്റ് ചർച്ചകളും നടത്തിയിട്ടുണ്ട്.
എ ടി കെയുമായുള്ള ചർച്ചയിൽ അടുത്ത സീസണിൽ ക്ലബ് മാറാം എന്ന് ജിങ്കൻ സൂചന നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനു മുമ്പ് കരാർ പുതുക്കി ജിങ്കനെ വർഷങ്ങളോളം കേരള ബ്ലാസ്റ്റേഴ്സിൽ നിർത്താം എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കരുതുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ജിങ്കൻ.