ചെൽസി പരിശീലകനായി പ്രഖ്യാപിക്കപ്പെട്ട അന്ന് മുതൽ മൗറീസിയോ സാരി സ്വപ്നം കണ്ട ട്രാൻസ്ഫർ ഒടുവിൽ സഫലമായി. യുവന്റസ് താരം ഗോണ്‍സാലോ ഹിഗ്വയിൻ ലോൺ അടിസ്ഥാനത്തിൽ ചെൽസിയിൽ എത്തി. നിലവിൽ എ സി മിലാനിൽ ലോണിൽ കളിക്കുന്ന താരം ആ കാരാർ റദ്ദാക്കിയാണ് ലണ്ടനിലേക്ക് എത്തുന്നത്. നാപോളിയിൽ സാരിക്ക് കീഴിൽ കളിച്ച താരം ഇതോടെ തന്റെ ഇഷ്ട്ട പരിശീലകന്റെ കീഴിൽ വീണ്ടും കളിക്കാനുള്ള അവസരമാണ് സ്വന്തമാക്കിയത്. ലോൺ അടിസ്ഥാനത്തിലാണ് അർജന്റീനക്കാരൻ ഹിഗ്വയിൻ ചെൽസിക്ക് വേണ്ടി കളിക്കുക. ഈ സീസൺ അവസാനത്തോടെ താരത്തെ വാങ്ങാനുള്ള ഓപ്ഷനും കരാറിൽ ഉണ്ട്.
ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ഹിഗ്വയിൻ വേണമെന്ന് സാരി ചെൽസി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മൊറാത്തയെ സ്ട്രൈക്കറായി തുടരാൻ സാരി നിർബന്ധിതനായിരുന്നു. പക്ഷെ മൊറാത്തയും ജിറൂദും ഫോം കണ്ടെത്താനാവാതെ വിഷമിച്ചതോടെ സാരിക്ക് ഹിഗ്വയിനെ നൽകാൻ ചെൽസി തീരുമാനിക്കുകയായിരുന്നു. താരത്തിന്റെ സൈനിംഗ് ഇന്ന് വൈകി നടന്നതിനാൽ നാളെ സ്പർസിന് എതിരായ മത്സരത്തിൽ താരത്തിന് കളിക്കനാവില്ല എന്ന് ചെൽസി പരിശീലകൻ മൗറീസിയോ സാരി നേരത്തെ വ്യക്തമാക്കിയിരുന്നു.
നാപോളിയിൽ സാരിക്ക് കീഴിൽ കളിച്ച ഹിഗ്വയിൻ ആ സീസണിൽ 36 ലീഗ് ഗോളുകൾ നേടി ലീഗ് റെക്കോർഡ് സ്ഥാപിച്ചിരുന്നു. പിന്നീട് യുവന്റസിലേക്ക് മാറിയ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ട്യൂറിനിൽ എത്തിയതോടെയാണ് ലോണിൽ മിലാനിലേക്ക് മാറിയത്. മുൻ റയൽ മാഡ്രിഡ് സ്ട്രൈക്കറാണ് ഹിഗ്വയിൻ.