രംഗ്പൂര് റൈഡേഴ്സിനെതിരെ അഞ്ച് റണ്‍സിന്റെ വിജയം പിടിച്ചെടുത്ത് രാജ്ഷാഹി കിംഗ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ റൈഡേഴ്സിനു 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 130 റണ്‍സ് മാത്രമേ നേടാനായുള്ളു. 42 റണ്‍സ് നേടി പുറത്താകാതെ നിന്ന സക്കീര്‍ ഹസന്റെ ബാറ്റിംഗ് പ്രകടനമാണ് 135 റണ്‍സിലേക്ക് കിംഗ്സിനെ നയിച്ചത്.
മറ്റാര്‍ക്കും തന്നെ കാര്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ മുഹമ്മദ് ഹഫീസ് 26 റണ്‍സ് നേടി. മഷ്റഫെ മൊര്‍തസയും ഫര്‍ഹദ് റീസയും രണ്ട് വീതം വിക്കറ്റുമായി റൈഡേഴ്സ് ബൗളര്‍മാരില്‍ തിളങ്ങി.
മുഹമ്മദ് മിഥുനും(30) റീലി റൂസോവും(44*) റൈഡേഴ്സിനു പ്രതീക്ഷ നല്‍കിയെങ്കിലും 5 റണ്‍സ് അകലെ വരെ മാത്രമേ ടീമിനു എത്തുവാനായുള്ളു. ഇരുവരും ക്രീസില്‍ നിലനിന്നുവെങ്കിലും ടി20 വേഗതയിലുള്ള ഇന്നിംഗ്സ് പുറത്തെടുക്കുവാനായില്ല. മറ്റു താരങ്ങളും സമ്മര്‍ദ്ദത്തില്‍ പെട്ടെന്ന് പുറത്തായതും ടീമിനു തിരിച്ചടിയായി.
ക്രിസ് ഗെയില്‍ 14 പന്തില്‍ നിന്ന് 23 റണ്‍സുമായി ടോപ് ഓര്‍ഡറില്‍ തിളങ്ങിയെങ്കിലും പെട്ടെന്ന് പുറത്തായത് സ്കോറിംഗിനെ ബാധിച്ചു. മുഹമ്മദ് ഫഹീസും കമ്രുല്‍ ഇസ്ലാമും രണ്ട് വീതം വിക്കറ്റ് നേടി നിര്‍ണ്ണായകമായ പ്രഹരങ്ങളാണ് റൈഡേഴ്സിനെ ഏല്പിച്ചത്.