ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് ഭീഷണി നേരിടുന്ന പാക്കിസ്ഥാനു തിരിച്ചടിയായത് ആവശ്യത്തിനു സന്നാഹ മത്സരങ്ങളില്ലാത്തതിനാലാണെന്ന് പറഞ്ഞ് പാക്കിസ്ഥാന് മുന്‍ പേസ് ബൗളര്‍ അസ്ഹര്‍ മഹമ്മൂദ്. അഞ്ച് ഇന്നിംഗ്സുകളില്‍ നാലിലും 200 എന്ന സ്കോര്‍ മറികടക്കുവാന്‍ സാധിക്കാതെ പോയതാണ് പാക്കിസ്ഥാന്റെ തകര്‍ച്ചയ്ക്ക് കാരണം. ബൗളര്‍മാര്‍ പലപ്പോഴും തിളങ്ങുമ്പോള്‍ ബാറ്റ്സ്മാന്മാര് ടീമിനെ കൈവിടുന്ന സാഹചര്യമാണ് പരമ്പരയിലുടനീളം കണ്ടത്.
ടീമിന്റെ ബൗളിംഗ് കോച്ചായ അസ്ഹര്‍ മഹമ്മൂദ് പറയുന്നത് ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ടീമിനു പൊതുവേ ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സുമായി പൊരുത്തപ്പെടുവാന്‍ പാടായിരിക്കും. എന്നാല്‍ അതിന്റെ കൂടെ ആവശ്യത്തിനു സന്നാഹ മത്സരങ്ങള്‍ കൂടി ഇല്ലാതിരുന്നത് കൂടുതല്‍ തിരിചച്ചടിയായി എന്ന് പാക് ബൗളിംഗ് കോച്ച് പറഞ്ഞു.
രണ്ട്-മൂന്ന് സന്നാഹ മത്സരങ്ങളുണ്ടായിരുന്നുവെങ്കില് കാര്യങ്ങള്‍ മാറി മറിഞ്ഞേനെയെന്ന് പറഞ്ഞ മഹമ്മദൂ് ഷാന്‍ മക്സൂദ്, ഇമാം ഉള് ഹക്ക്, അസാദ് ഷഫീക്ക് എന്നിവരുടെ പ്രകടനങ്ങളെ പ്രകീര്‍ത്തിച്ചു സംസാരിക്കുകയും ചെയ്തു.