ഇപ്പോളത്തെ ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ എംഎസ് ധോണി എത്തുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞ് ഇന്ത്യന്‍ ഉപനായകന്‍. തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ധോണി നാലാം നമ്പറില്‍ അനുയോജ്യനാണ്. എന്നാല്‍ നാലാം നമ്പറില്‍ മികച്ച മികവ് പുലര്‍ത്തിയ അമ്പാട്ടി റായിഡു ടീമിലുണ്ടെന്നുള്ളത് വിസ്മരിക്കപ്പെടാനുള്ളതല്ല. എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് ക്യാപ്റ്റനും കോച്ചുമാണെന്നും രോഹിത് പറഞ്ഞു.
കഴിഞ്ഞ ലോകകപ്പിനു ശേഷം വെറും 9 മത്സരങ്ങളില്‍ മാത്രമാണ് ധോണി നാലാം നമ്പറില്‍ ബാറ്റിംഗിനു ഇറങ്ങിയിട്ടുള്ളത്. ധോണിയുടെ വലിയ ഷോട്ടുകള്‍ അടിയ്ക്കുവാനുള്ള കഴിവ് ഏവര്‍ക്കും സുപരിചിതമാണെന്നും എന്നാല്‍ ഇന്ന് ധോണി ക്രീസിലെത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യ നേരത്തെ തന്നെ പ്രതിരോധത്തിലായിരുന്നുവെന്നും രോഹിത് ശര്‍മ്മ ധോണിയുടെ മെല്ലെ നീങ്ങിയ ഇന്നിംഗ്സിനെ സൂചിപ്പിച്ച് പറഞ്ഞു.
ആ ഘട്ടത്തില്‍ ഒരു കൂട്ടുകെട്ടായിരുന്നു നിര്‍ണ്ണായകം അതിനായിരുന്നു ഞങ്ങള്‍ ശ്രമിച്ചതെന്നും രോഹിത് പറഞ്ഞു. നൂറ് റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് തങ്ങള്‍ ഓവറില്‍ ആറ് റണ്‍സ് എന്ന ലക്ഷ്യത്തോടെ ബാറ്റ് ചെയ്തതെന്നും രോഹിത് പറഞ്ഞു. ഫലം അനുകൂലമായില്ലെങ്കിലും ടീമിനു ഇത് പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നുള്ളതിനു ഒരു പാഠമാണെന്നും രോഹിത് പറഞ്ഞു.