ഇന്ന് ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ റയൽ മാഡ്രിഡ് ആതിഥേയരായ അൽ ഐനെ നേരിടും. സെമി പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ കശിമ ആന്റ്ലേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് ഫൈനലിൽ എത്തിയത്. ഗരെത് ബെയ്ലിന്റെ ഹാട്രിക്കായിരുന്നു റയലിനെ സെമിയിൽ സഹായിച്ചത്. ഇന്ന് റയൽ മാഡ്രിഡ് വിജയിക്കുകയാണെങ്കിൽ അത് പുതിയ റെക്കോർഡാകും.
അവസാന രണ്ടു സീസണിലും റയൽ മാഡ്രിഡ് ആയിരുന്നു ക്ലബ് ലോകകപ്പ് ഉയർത്തിയത്. തുടർച്ചയായ മൂന്ന് തവണ ക്ലബ് ലോകകപ്പ് ഉയർത്തുന്ന ആദ്യ ക്ലബ് എന്ന നേട്ടം ഇന്ന് ജയിച്ചാൽ റയലിന് സ്വന്തമാകും. ഇത് കൂടാതെ ഇന്ന് റയൽ ജയിച്ചാൽ ഏറ്റവും കൂടുതൽ ക്ലബ് ലോകകപ്പ് നേടിയ താരമെന്ന റെക്കോർഡിൽ റയൽ മാഡ്രിഡ് താരം ക്രൂസ് എത്തുകയും ചെയ്യും. ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ക്രൂസിനും നാലു വീതം ക്ലബ് ലോകകപ്പ് കിരീടങ്ങളാണുള്ളത്.
ഇന്ന് ജയിച്ചാൽ ക്ലബ് ലോകകപ്പുകളുടെ എണ്ണത്തിൽ ബാഴ്സലോണയെ മറികടക്കാനും റയലിനാകും. ഇരു ടീമുകൾക്കും ഇപ്പോൾ മൂന്ന് കിരീടങ്ങളാണുള്ളത്. പക്ഷെ ഇന്ന് റയലിന് കാാര്യങ്ങൾ അത്ര എളുപ്പമാകില്ല. കാരണം എതിരാളികൾ ആതിഥേയര തന്നെയായ അൽ ഐനാണ്. അൽ ഐൻ ഈ ടൂർണമെന്റിൽ അപാര ഫോമിലാണ് ഉള്ളത്. ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ റിവർ പ്ലേറ്റിനെ അട്ടിമറിച്ചാണ് അൽ ഐൻ ഫൈനലിലേക്ക് എത്തിയത്.