ചാമ്പ്യൻസ് ലീഗിന്റെ നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് എതിരാളികളായി കിട്ടിയത് ഡച്ച് ടീമായ അയാക്സിനെയാണ്. ചരിത്രമുറങ്ങുന്ന പോരാട്ടമാണ് റയൽ മാഡ്രിഡ് – അയാക്സ് എന്നിവർ തമ്മിൽ നടക്കാനിരിക്കുന്നത്. ഡച്ച് ഇതിഹാസം യോഹാൻ ക്രൗഫിന്റെ സ്വന്തം അയാക്‌സും റയലും തമ്മിലുള്ള പോരാട്ടങ്ങൾ യൂറോപ്പ്യൻ ഫുട്ബോൾ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതി വെച്ച പോരാട്ടങ്ങളാണ്.
ഇത് പതിമൂന്നാം തവണയാകും യൂറോപ്പ്യൻ മത്സരത്തിൽ ഏറ്റുമുട്ടുക. ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏഴു തവണയും ജയം റയൽ മാഡ്രിഡിനൊപ്പമായിരുന്നു. മൂന്നു തവണ അയാക്സ് ജയം സ്വന്തമാക്കിയപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. ഇതിനു മുൻപ് ഇരു ടീമുകളും ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയത് 2012 ലായിരുന്നു. അന്ന് ഹോസെ മൗറീഞ്ഞ്യോയുടെ കീഴിൽ റയൽ മാഡ്രിഡ് അയാക്സിനെ തകർത്തെറിയുകയായിരുന്നു.
സാന്റിയാഗോ ബെര്ണാബ്യുവിൽ 4-1 നാണു അയാക്സിനെ റയൽ പരാജയപ്പെടുത്തിയത്. ഇതേ മാർജിനിൽ തന്നെ ആംസ്റ്റർഡാമിലും ജയം സ്വന്തമാക്കാൻ റയലിന് സാധിച്ചു. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ മോശം ഫോമിലായിരുന്നെങ്കിലും ഒരു ക്ലാസ്സിക്ക് പോരാട്ടത്തിലൂടെ ബയേണിനെ തളയ്ക്കാൻ അയാക്സിന് സാധിച്ചിരുന്നു.