ക്രിക്കറ്റ് ഓസ്ട്രേലിയയെ സംബന്ധിച്ച് ഷെയ്ൻ വോൺ ടെസ്റ്റ് ടീമിൽ ഒഴിച്ചിട്ട് പോയ വിടവ് നികത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പലരെയും ടീമിലേക്ക് സ്പിന്നർമാരായി കൊണ്ട് വന്നു എങ്കിലും സ്ഥിരമായ ഒരു ഉത്തരം എന്ന നിലയിൽ പലരും പരാജയപ്പെട്ടു. ബ്രാഡ് ഹോഗ്, സേവിയർ ദോഹർട്ടി, നേഥൻ ഹോറിറ്റ്‌സ് എന്നിങ്ങനെ പല പേരുകൾ വന്നു പോയി. ചിലരൊക്കെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു എങ്കിലും ടെസ്റ്റിൽ ആർക്കും പച്ചപിടിക്കാനായില്ല.
2010 വരെ ക്രിക്കറ്റിങ് റഡാറുകളിൽ ഒന്നും തന്നെ പെടാതെ ഗ്രേഡ് ക്രിക്കറ്റ് മാത്രം കളിച്ചിരുന്ന ലിയോൺ, അഡെലെയ്ഡിലെ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി നോക്കുമ്പോഴാണ് തലവര മാറുന്നത്. ആ സമയത്ത് ഫീച്ചേഴ്സ് ലീഗിൽ കളിക്കുമ്പോഴാണ് സൗത്ത് ഓസ്ട്രേലിയയുടെ T20 കോച്ച് ആയ ഡാരൻ ബെറി ലിയോണിന്റെ പ്രകടനം കാണുന്നത്. അങ്ങനെ KFC T20 ബിഗ് ബാഷിന് സതേൺ റെഡ്ബാക്‌സിലേക്ക്. തൊട്ടടുത്ത സീസണിൽ റെഡ്ബാക്‌സ് ജേതാക്കൾ ആയപ്പോൾ, ആ സീസണിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ ബൗളർ മറ്റാരുമായിരുന്നില്ല. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ലിയോണിന്.
2011ൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം. ശ്രീലങ്കയ്ക്ക് എതിരെ ഗാലിയിൽ നടന്ന മത്സരത്തിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ്, അതും സാക്ഷാൽ കുമാർ സംഗക്കാരയുടേത്. പുറമേ ആ ഇന്നിങ്സിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടവും. ടെസ്റ്റ് ടീമിൽ അങ്ങനെ സ്ഥിരാംഗത്വം. അങ്ങനെ റാഗ് ടൂ റിച്ചസ് എന്ന് പറയാവുന്ന ഒരു കരിയറാണ് അദ്ദേഹത്തിന്.
അമാനുഷിക പ്രകടനങ്ങൾ ഒന്നും തന്നെ ഇതുവരെ ലിയോണിൽ നിന്ന് ഉണ്ടായതായി പറയാൻ കഴിയില്ല. ഇന്ത്യയ്ക്ക് എതിരെ കഴിഞ്ഞ കൊല്ലം ഒരിന്നിങ്സിൽ 8 വിക്കറ്റ് നേട്ടം വേണമെങ്കിൽ അങ്ങനെ കരുതാം. പക്ഷേ ലിയോൺ എത്രത്തോളം ഓസ്ട്രേലിയൻ ക്രിക്കറ്റിന് പ്രധാനപ്പെട്ട കളിക്കാരൻ ആണെന്നത് തികച്ചും വ്യക്തമാണ്. ഒന്നുകിൽ സമ്മർദ്ദം ചെലുത്തുന്ന നീണ്ട സ്പെല്ലുകൾ, അല്ലെങ്കിൽ വിക്കറ്റുകൾ, അതുമല്ലെങ്കിൽ വിലയേറിയ ചില ചെറിയ ബാറ്റിംഗ് ഇന്നിങ്സുകൾ. ഒരിക്കലും വിട്ടുകൊടുക്കാൻ തയാറാവാത്ത ഓസ്ട്രേലിയൻ ജീൻ തന്നിലും ഉണ്ടെന്ന് പലതവണ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ സൗത്താഫ്രിക്കയ്ക്ക് എതിരെ 21/9 എന്ന നിലയിൽ ഓസ്ട്രേലിയ എക്കാലത്തെയും കുറഞ്ഞ ടെസ്റ്റ് സ്കോർ എന്ന നാണക്കേട് പ്രതീക്ഷിച്ച് നിൽക്കുമ്പോൾ സിഡിലിനൊപ്പം നിന്ന് അതിൽ നിന്ന് രക്ഷിച്ചതും ലിയോൺ തന്നെ.
ഹ്യൂ ട്രമ്പിളിന്റെ ഏറ്റവും കൂടുതൽ വിക്കറ്റ്(141) നേടിയ ഓസ്ട്രേലിയൻ ഓഫ് സ്പിന്നർ എന്ന റെക്കോർഡ് ലിയോൺ കരസ്ഥമാക്കിയത് നിമിത്തം GOAT (greatest of all time) എന്നൊരു വിളിപ്പേരും കിട്ടി. 7 വർഷങ്ങൾ കൊണ്ട് 82 ടെസ്റ്റിൽ നിന്നായി 334 വിക്കറ്റുകളാണ് അദ്ദേഹം ഇതിനോടകം നേടിയിട്ടുള്ളത്. 14 തവണ 5 വിക്കറ്റുകൾ വീഴ്ത്തി, 2 തവണ 10 വിക്കറ്റുകൾ. എന്തിനേറെ പറയുന്നു, ഇപ്പോൾ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തവരുടെ പട്ടികയിൽ 4ആമതാണ് ലിയോൺ. വോണും, മക്ക്‌ഗ്രാത്തും, ലില്ലിയും മാത്രമാണ് മുന്നിൽ.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ പ്ലേയിങ് ലെവനിൽ ഇപ്പോൾ ഏറ്റവും ഉറപ്പുള്ള സ്ഥാനം ലിയോണിനാണ്. സ്മിത്ത്, വാർണർ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റർ എന്ന സ്ഥാനം അലങ്കരിച്ച് വരവേയാണ് സാൻഡ്‌പേപ്പർ വിവാദം ഉണ്ടാവുന്നത്. അതിൽ ലിയോൺ ഉൾപെട്ടിട്ടില്ല എന്ന നിലയിലാണ് കാര്യങ്ങൾ പുരോഗമിച്ചത് എങ്കിലും, അതെത്രത്തോളം സത്യമാണ് എന്ന കാര്യത്തിൽ സംശങ്ങൾ നിലനിൽക്കുന്നു.
ഓസ്ട്രേലിയക്ക് ലിയോൺ ഇല്ലാതെ ചിലപ്പോൾ ജയിക്കാൻ പറ്റിയേക്കും, പക്ഷേ ‘ലിയോൺ ഇല്ലാതെ’ എന്നൊരു അവസ്ഥ അവർക്ക് ചിന്തിക്കാൻ പറ്റുമോ?