ശ്രീലങ്കയുടെ ബാറ്റിംഗ് കോച്ചായി ജോണ്‍ ലൂയിസ് എത്തുമെന്നറിയിച്ച് ക്രിക്കറ്റ് ശ്രീലങ്ക. തിലന്‍ സമരവീരയ്ക്ക് പകരമാണ് ജോണ്‍ ലൂയിസ് ബാറ്റിംഗ് കോച്ചിന്റെ പദവിയിലേക്ക് എത്തുന്നത്. ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സമരവീര ശ്രീലങ്കയുടെ കോച്ചിംഗ് സ്റ്റാഫില്‍ നിന്ന് വിടവാങ്ങും. 2019 ലോകകപ്പ് വരെയായിരുന്നു സമരവീരയുടെ കാലാവധിയെങ്കിലും ശ്രീലങ്കന്‍ ടീമിന്റെ മോശം ഫോം കാരണം ബോര്‍ഡ് പകരക്കാരനെ തേടുകയായിരുന്നു. 81 ടെസ്റ്റ് മത്സരങ്ങള്‍ ശ്രീലങ്കയ്ക്കായി കളിച്ചിട്ടുള്ള സമരവീരയെ 2017 ഇന്ത്യന്‍ പര്യടനത്തിനു മുമ്പാണ് ശ്രീലങ്ക ടീമിനൊപ്പമെത്തിക്കുന്നത്.
ഡര്‍ഹമിന്റെ മുഖ്യ കോച്ചായി ചുമതല വഹിച്ചിട്ടുള്ളയാളാണ് ജോണ്‍ ലൂയിസ്. 2013ല്‍ കൗണ്ടിയെ ഡിവിഷന് വണ്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലേക്ക് നയിച്ചതു ലൂയിസിന്റെ കീഴിലായിരുന്നു. ലൂയിസിന്റെ പരിശീലനത്തില്‍ ഡര്‍ഹം 2014 വണ്‍-ഡേ കപ്പില്‍ വിജയവും 2016 ടി20 ബ്ലാസ്റ്റില്‍ റണ്ണര്പ്പാവുകയും ചെയ്തിരുന്നു.













