മലബാറിന്റെ രാത്രികൾ ഒരുങ്ങി, സെവൻസ് സീസണ് തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2018-19 സെവൻസ് സീസണ് ഇന്ന് തുടക്കമാകും. നാളെ ആരംഭികുന്ന കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ആകും സീസണിലെ ആദ്യ വിസിൽ മുഴങ്ങുക. ശാസ്താ മെഡിക്കൽസും ടൗൺ എഫ് സി തൃക്കരിപ്പൂരുമാണ് ഇന്ന് ഉദ്ഘാടന മത്സരത്തിൽ കുപ്പൂത്തിൽ ഏറ്റുമുട്ടുന്നത്. 36 ടീമുകൾ ഈ സീസണിലും അഖിലേന്ത്യാ സെവൻസിന്റെ ഭാഗമായുണ്ട്. 40ൽ അധികം ടൂർണമെന്റുകളും ഈ സീസണിൽ നടക്കും.

കഴിഞ്ഞ വർഷം 50ൽ അധികം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റുകൾ നടന്നിരുന്നു. അത് പതിവുമാണ്. എന്നാൽ പ്രളയം കേരളത്തെ കാര്യമായി ബാധിച്ചതിനാൽ നിരവധി ടൂർണമെന്റുകൾ ഇത്തവണ നടത്തുന്നില്ല. നാളെ ആരംഭിക്കുന്ന സീസൺ മെയ് അവസാനം വരെ നീണ്ടു നിക്കും. മലബാറിലെ കരുത്തരായ സെവൻസ് ടീമുകളൊക്കെ നാളെ മുതൽ കളത്തിൽ ഇറങ്ങും.


കഴിഞ്ഞ തവണ സെവൻസ് ലോകം ഭരിച്ച റോയൽ ട്രാവൽസ് കോഴിക്കോടും സബാൻ കോട്ടക്കലും ഈ സീസണിലും മുന്നിൽ തന്നെ ഉണ്ട്. കഴിഞ്ഞ തവണ സെവൻസ് റാങ്കിംഗിൽ ഒന്നാമത് എത്തിയ ടീമാണ് റോയൽ ട്രാവൽസ്(ബ്ലാക്ക് & വൈറ്റ് കോഴിക്കോട്). 11 കിരീടങ്ങളായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട് കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. സബാൻ കോട്ടക്കൽ ഏഴു കിരീടങ്ങളും കഴിഞ്ഞ സീസണിൽ നേടി.

അവസാന സീസണിൽ നിറം മങ്ങിയ അൽ മദീന ചെർപ്പുളശ്ശേരി, ഫിഫാ മഞ്ചേരി, സൂപ്പർ സ്റ്റുഡിയോ മലപ്പുറം എന്നിവർ ഒക്കെ ശക്തമായ ടീമൊരുക്കിയാണ് ഈ സീസണിൽ വരുന്നത്. മുൻ സൂപ്പർ സ്ട്രൈക്കറായ കുട്ടനെ തിരികെ എത്തിച്ച ഫിഫ ഈ സീസണിൽ പഴയ പ്രതാപത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷ. ജവഹർ മാവൂർ, എ വൈ സി ഉച്ചാരക്കടവ്, കെ എഫ് സി കാളികാവ്, ഉഷാ എഫ് സി, ശാസ്താ മെഡിക്കൽസ് എന്ന് തുടങ്ങി എല്ലാ പ്രമുഖ ടീമുകളും നല്ല രീതിയിൽ തന്നെ ഒരുങ്ങുന്നുണ്ട്.

മെച്ചപ്പെട്ട രീതിയിൽ കളി നടത്താം നൂതന സംവിധാനങ്ങൾ കൊണ്ടു വരാൻ സെവൻസ് ഫുട്ബോൾ അസോസിയേഷനും മുന്നിട്ടുനിൽക്കുന്നുണ്ട്. എല്ലാ ഗ്രൗണ്ടിലും ടൈമർ സംവിധാനം, ചുവപ്പ് കാർഡുള്ളവർക്ക് സസ്പെൻഷൻ എന്നിങ്ങനെ പുതിയ ചട്ടങ്ങൾ ഇത്തവണയുണ്ടാകും. ഒരു ടീമിൽ മൂന്ന് വിദേശ താരങ്ങൾക്ക് ഈ സീസണിലും കളിക്കാം.

തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള എല്ലാ മൈതാനങ്ങളിലും ഇന്ന് മുതൽ ഫുട്ബോൾ രാത്രികൾ ആയിരിക്കും. തിങ്ങി നിറഞ്ഞ ഗ്യാലറികളെയും എതിരാളികളെയും അതിജീവിച്ച് ആര് സെവൻസ് ലോകം ഭരിക്കും എന്ന് ഇനി കണ്ടറിയാം.