വിരാട് കോഹ്‍ലി ഇതു പോലെ തന്നെ പത്ത് വര്‍ഷം കൂടി ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്നും ടെസ്റ്റിലെയും ഏകദിനത്തിലെയും സര്‍വ്വ റെക്കോര്‍ഡുകളും താരം തകര്‍ക്കുമെന്നും സുനില്‍ ഗവാസ്കര്‍. ഇന്നലെ ഒരു ദേശീയ മാധ്യമത്തിനു സംസാരിക്കുമ്പോള്‍ ആണ് സുനില്‍ ഗവാസ്കറിന്റെ ഈ അഭിപ്രായം. നിലവില്‍ 29 വയസ്സുള്ള കോഹ്‍ലി ഇതു പോലെ തന്നെ ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്നും 39 വയസ്സു വരെ താരം ക്രിക്കറ്റിലെ രാജാവായി തന്നെ വാഴുമെന്നും ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.
ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി പതിനായിരം റണ്ണുകള്‍ തികയ്ക്കുന്ന വ്യക്തിയായിരുന്നു സുനില്‍ ഗവാസ്കര്‍. 34 ശതകങ്ങള്‍ നേടുകയും ടെസ്റ്റില്‍ 100 ക്യാപ് സ്വന്തമാക്കുകയും ചെയ്ത സുനില്‍ ഗവാസ്കറിന്റെ റെക്കോര്‍ഡുകള്‍ അന്നത്തെ കാലത്ത് ഏറെ പ്രാധാന്യമുള്ളതും ഭേദിക്കപ്പെടില്ലെന്ന് കരുതിയവയും ആയിരുന്നു.
പിന്നീട് സച്ചിന്‍ വന്ന് ഗവാസ്കറുടെയും പിന്നെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയായിരുന്നു. അതു പോലെത്തന്നെ ഭാവിയില്‍ വിരാടും സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കുമെന്നാണ് ഗവാസ്കര്‍ അഭിപ്രായപ്പെടുന്നത്.