ലീഗ് 1 ക്ലബ്ബ് മൊണാക്കോക്ക് ഇനി ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി തന്ത്രങ്ങൾ ഒരുക്കും. ഹെൻറിയെ പരിശീലകനായി നിയമിച്ചുള്ള ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. മുൻപ് മൊണാക്കോക്ക് വേണ്ടി കളിച്ച താരമാണ് ഹെൻറി. ലിയാനാർഡോ ജാർഡിമിന്റെ പിൻഗാമിയായാണ് താരം മുൻ ലീഗ് ജേതാക്കളായ മൊണാക്കോയിൽ എത്തുന്നത്.
2021 ജൂൺ വരെയാണ് ഹെൻറി കരാർ ഒപ്പിട്ടിരിക്കുന്നത്. ലീഗിൽ 18 ആം സ്ഥാനത്ത് നിൽക്കുന്ന ടീമിനെ വീണ്ടും വിജയ വഴിയിൽ എത്തിക്കുക എന്നതാണ് അദ്ദേഹം നേരിടുന്ന ആദ്യ വെല്ലുവിളി. കൂടാതെ വൻ ശക്തിയായ പി എസ് ജി യെ മറികടക്കുക എന്ന വലിയ ദൗത്യം വേറെയും ഉണ്ടാകും. നിലവിൽ ബെൽജിയം ദേശീയ ടീം സഹ പരിശീലകനായ ഹെൻറി ആ സ്ഥാനം ഒഴിഞ്ഞാവും ജോലി ഏറ്റെടുക്കുക. നേരത്തെ ഹെൻറി സ്വതന്ത്ര പരിശീലകനാവാൻ പ്രാപ്തനാണെന്ന് ബെൽജിയം പരിശീലകൻ റോബർട്ടോ മാർടീനസ് സാക്ഷ്യപ്പെടുത്തിയിരുന്നു.
ഫ്രഞ്ച് ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് ഹെൻറി. 1993 മുതൽ 1999 വരെ മൊണാക്കോയിൽ കളിച്ച ഹെൻറി അവർക്കായി 28 ഗോളുകളും നേടി. പിന്നീടാണ് ആഴ്സണലിലേക്ക് കൂട് മാറിയതും പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച സ്‌ട്രൈകർമാരിൽ ഒരാളായി വളർന്നതും.