മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ഓൾഡ്ട്രാഫോർഡിനെയും വിട്ട് ദുരിതം ഒഴിയുന്നില്ല. ചാമ്പ്യൻസ് ലീഗിലെ നിർണായക മത്സരത്തിൽ ഇന്ന് സ്വന്തം ഹോമിൽ വലൻസിയക്കെതിരെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കാൻ കഴിയാതെ തന്നെ ഗ്രൗണ്ട് വിടേണ്ടു വന്നു. തുടർച്ചയായ നാലാം മത്സരത്തിലാണ് മാഞ്ചസ്റ്റർ വിജയമറിയാതെ മടങ്ങുന്നത്. ഗോൾരഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.
ജോസെ മൗറീനോയുടെ ഭാവി തന്നെ ഈ ഫലത്തോടെ അനിശ്ചിതത്വത്തിലായി. നിരവധി മാറ്റങ്ങളുമായി ഇറങ്ങിയിട്ടും ജയം സ്വന്തമാക്കാൻ യുണൈറ്റഡിന് കഴിഞ്ഞില്ല. കളിയുടെ തുടക്കം മുതൽ വലൻസിയ ഡിഫൻസിന് മേൽ സമ്മർദ്ദം സൃഷ്ടിക്കാൻ യുണൈറ്റഡിനായി എങ്കിലും ഫൈനൽ ബോൾ പിറക്കാത്തതും ക്രിയേറ്റിവിറ്റിയുടെ കുറവും മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ഗോളിനെയും തമ്മിൽ അകറ്റി.
ഓൾഡ്ട്രാഫോർഡിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം ഫോമും തുടരുകയാണ്. ഈ സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ ഇതുവരെ വിജയിച്ചത്.