ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിനോട് ഏറ്റ വൻ തോൽവിയിൽ നിന്ന് ഒരു വൻ ജയത്തോടെ റോമ കരകയറി. ഇന്ന് റോമയുടെ ഹോമിൽ നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക് ക്ലബായ വിക്ടോറിയ പ്ലെസനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് റോമ പരാജയപ്പെടുത്തിയത്. ജെക്കോയുടെ ഹാട്രിക്കാണ് റോമയുടെ ജയത്തിന് ബലമായത്.
കളി തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ജെക്കോ റോമയെ മുന്നിൽ എത്തിച്ചിരുന്നു. നാൽപ്പതാം മിനുട്ടിൽ വീണ്ടും വലകുലുക്കി ജെക്കോ റോമയെ ആദ്യ പകുതിൽ രണ്ടു ഗോളിന്റെ ലീഡ് നൽകി. രണ്ടാം പകുതിയിൽ രണ്ട് യുവതാരങ്ങളാണ് റോമയ്ക്കായി സ്കോർ ചെയ്തത്. 64ആം മിനുട്ടിൽ തുർക്കിഷ് യുവതാരം ചെങ്കീസ് ഉണ്ടറും 73ആം മിനുറ്റിൽ ജസ്റ്റിൻ ക്ലുയിവേർടുമാണ് റോമയ്ക്കായി രണ്ടാം പകുതിയിൽ ഗോൾ നേടിയത്. ക്ലുയിവേർടിന്റെ റോമയ്ക്കായുള്ള ആദ്യ ഗോളായിരുന്നു ഇത്. റോമയുടെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ സ്കോറർ ആയും ക്ലുയിവേർട് ഈ ഗോളോടെ മാറി.
കളിയുടെ അവസാന മിനുട്ടിലാണ് ജെക്കോ തന്റെ ഹാട്രിക്ക് തികച്ചത്.