ഐസിസിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, അഞ്ച് ടീം ക്യാപ്റ്റന്മാരെ ബുക്കികള്‍ സമീപിച്ചിട്ടുണ്ട്

Sports Correspondent

ക്രിക്കറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബുക്കികള്‍ അഞ്ച് ടീമുകളുടെ നായകന്മാരെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഐസിസി. ഏഷ്യ കപ്പിനിടെ അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷെഹ്സാദിനെ ബുക്കികള്‍ സമീപിച്ചുവെന്ന് താരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് താരം ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റിനോട് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു.

ഇപ്പോള്‍ ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് മാനേജര്‍ അലക്സ് മാര്‍ഷല്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഏതെല്ലാം ക്യാപ്റ്റന്മാരെയാണ് ബുക്കികള്‍ സമീപിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇവരെല്ലാം തന്നെ ഉടനടി ഇത് ഐസിസിയെ അറിയിച്ചിട്ടുണ്ടെന്ന് വേണം മനസ്സിലാക്കുവാന്‍.

വരും ദിവസങ്ങളില്‍ ഇതിന്മേല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.