സ്വീഡനെ ഞെട്ടിച്ചുകൊണ്ട് അവസാന മിനുട്ടിൽ രണ്ടു ഗോൾ നേടി തുർക്കിക്ക് ജയം. 88മത്തെ മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു സ്വീഡനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തുർക്കി ജയിച്ചത്. പകരക്കാരനായി ഇറങ്ങിയ അക്ബബ നേടിയ ഇരട്ട ഗോളുകളാണ് തുർക്കിയുടെ വിജയത്തിന് കരുത്തേകിയത്. ഒരു വേള മത്സരത്തിൽ 2-0 പിറകിൽ നിന്നതിനു ശേഷമായിരുന്നു തുർക്കിയുടെ തിരിച്ചുവരവ് കണ്ടത്.
ആദ്യ പകുതിയിൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ സ്വീഡൻ ഇസാക് തെലിനിലൂടെ മുൻപിലെത്തി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്ലാസ്സൻ സ്വീഡന്റെ രണ്ടാമത്തെ ഗോളും നേടിയതോടെ മത്സരം സ്വീഡൻ കൈപിടിയിലൊതുക്കുമെന്ന് തോന്നി. എന്നാൽ 51ആം മിനുറ്റിൽ കാൽഹാനോഗ്ലുവിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് തുർക്കി മത്സരത്തിൽ പിടിച്ചു നിന്നു.
തുടർന്നാണ് പകരക്കാരനായി ഇറങ്ങിയ അക്ബബ 88മത്തെ മിനുട്ടിലും 92 മത്തെ മിനുട്ടിലും ഗോൾ നേടി തുർക്കിയുടെ തിരിച്ചുവരവ് പൂർത്തിയാക്കിയത്. ജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്എത്താനും തുർക്കിക്കായി. ഗ്രൂപ്പിൽ റഷ്യയാണ് ഒന്നാം സ്ഥാനത്ത്.