ടീമിലെ അടിക്കടിയുള്ള മാറ്റം, താരങ്ങള്‍ അസ്വസ്ഥര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‍ലി വരുത്തുന്ന അടിക്കടിയുള്ള മാറ്റങ്ങള്‍ ടീമിലെ താരങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. 38 ടെസ്റ്റുകള്‍ക്ക് ശേഷം ആദ്യമായി ഒരു ടെസ്റ്റില്‍ കോഹ്‍ലി മാറ്റങ്ങളില്ലാതെ ടീമിനെ ഇറക്കിയത് സൗത്താംപ്ടണിലാണ്. അതിനു മുമ്പുള്ള കോഹ്‍ലിയുടെ കീഴിലെ 38 ടെസ്റ്റുകളിലും ഒരു മാറ്റമെങ്കിലും ടീമില്‍ താരം വരുത്താറുണ്ട് എന്നത് ഒരു സവിശേഷതയായിരുന്നു. എന്നാല്‍ ഇത് താരങ്ങളില്‍ തങ്ങളുടെ സ്ഥാനത്തെക്കുറിച്ചുള്ള വേവലാതി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

നിരന്തരം ടീമില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ കോഹ്‍ലിയ്ക്കെതിരെ പണ്ടും പലയിടത്ത് നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിലയവസരങ്ങളില്‍ പരിക്ക് മൂലമുള്ള നിര്‍ബന്ധിത മാറ്റങ്ങളുണ്ടായിരുന്നുവെങ്കിലും ചില അവസരങ്ങളില്‍ ഈ മാറ്റം ആവശ്യമോ എന്ന് തോന്നിപ്പിക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും കോഹ്‍ലി നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചേതേശ്വര്‍ പുജാരയെ പുറത്തിരുത്തിയത് ഇത്തരത്തില്‍ ഒരു തീരുമാനമായി വിലയിരുത്തപ്പെടുന്നുണ്ട്.

പരമ്പരയ്ക്ക് മുമ്പ് കൗണ്ടിയില്‍ കളിച്ച പുജാര മോശം ഫോമിലൂടെയാണ് കടന്ന് പോയിരുന്നതെന്നത് ഈ തീരുമാനത്തിനു പ്രേരിപ്പിച്ച ഒരു ഘടകമായിരുന്നിരിക്കാമെങ്കിലും ഇംഗ്ലണ്ടില്‍ പര്യടനത്തിനു പോയിരുന്ന ഒരു താരത്തിന്റെ വാക്കുകളെന്ന രീതിയില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് പുറത്ത് വിട്ട വാര്‍ത്ത പ്രകാരം ടീമിലെ താരങ്ങള്‍ക്ക് അസുരക്ഷിതമായൊരു അവസ്ഥ നിലവിലുണ്ടെന്നും അത് താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുവെന്നുമാണ്.

മത്സര സാഹചര്യങ്ങള്‍ക്കനുസൃതമായി മികച്ച ടീം വേണമെന്നാണ് കോഹ്‍ലി ആഗ്രഹിക്കുന്നതെങ്കിലും താരങ്ങളുടെ ആത്മവിശ്വാസത്തെ ഈ മാറ്റങ്ങള്‍ വല്ലാതെ ബാധിക്കുന്നുണ്ടെന്നാണ് ഈ പേര് വെളിപ്പെടുത്താത്ത താരം അഭിപ്രായപ്പെട്ടത്. പരമ്പരയുടെ തുടക്കത്തില്‍ തന്നെ ഈ മൂന്ന് ടെസ്റ്റുകള്‍ക്ക് ഒരേ ടീമുമായാണ് കളിക്കുന്നതെന്ന് പറയുകയാണെങ്കില്‍ അത് താരങ്ങളുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നതെന്നാണെന്നും താരം കൂട്ടിചേര്‍ത്തു.