വരുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രാജ്ഷാഹി കിംഗ്സിന്റെ കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നര് എത്തുന്നു. ഈ തീരുമാനം ഫ്രാഞ്ചൈസി തന്നെയാണ് പുറത്ത് വിട്ടത്. മുമ്പ് സിംബാബ്വേ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ കോച്ചിംഗ് ദൗത്യം നിര്‍വഹിച്ചിട്ടുള്ള മുന്‍ താരത്തിനെ ഈ അടുത്താണ് രഞ്ജി ടീമായ ഡല്‍ഹി അടുത്ത സീസണിലേക്ക് ഉപദേശകനായി നിയമിച്ചത്.
ഡാനിയേല്‍ വെട്ടോറിയ്ക്ക് പകരമാണ് ക്ലൂസ്നര് രാജ്ഷാഹി കിംഗ്സിന്റെ കോച്ചിംഗ് സ്ഥാനത്തേക്ക് എത്തുന്നത്. ടൂര്‍ണ്ണമെന്റിന്റെ തീയ്യതികളും ബിഗ് ബാഷ് തീയ്യതികളും ഒരുമിച്ച് വരുന്നതിനാലാണ് വെട്ടോറി ബിപിഎലില്‍ നിന്ന് വിട്ടു നില്ക്കുവാന് തീരുമാനിച്ചത്. നേരത്തെ മാര്‍ച്ചില്‍ വെട്ടോറിയെയാണ് ടീമിന്റെ മുഖ്യ കോച്ചായി നിയമിച്ചിരുന്നത്.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഈ സീസണ് ഫെബ്രുവരി 17നു മാത്രമേ അവസാനിക്കുകയുള്ളു. നവംബറില്‍ നടക്കാനിരുന്ന ബിപിഎല്‍ അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റിയതാണ് ഈ മാറ്റത്തിനു വഴിതെളിച്ചിരിക്കുന്നത്. ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റിന്റെ കോച്ചാണ് വെട്ടോറി.