ബെൽജിയത്തിന് കളിക്കാൻ അവസരം ഉണ്ടായിട്ടും ബ്രസീൽ ടീം തിരഞ്ഞെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേര തനിക്ക് ബെൽജിയത്തിൽ കളിക്കാൻ നിരവധി ഉപദേശങ്ങൾ ലഭിച്ചിരുന്നതായി വ്യക്തമാക്കി. സഹതാരമായ ലുകാകു നിരന്തരം ബെൽജിയത്തിന് വേണ്ടി കളിക്കണം എന്ന് പറയാറുണ്ടായിരുന്നു. അതിന്റെ ഗുണങ്ങളും വ്യക്തമാക്കി തന്നിരുന്നു.
പക്ഷെ ബ്രസീൽ തന്റെ വീടാണ്. ബ്രസീലിന് വേണ്ടി കളിക്കുക എന്നത് തന്നെ സംബന്ധിച്ചെടുത്തോളം അവിശ്വസനീയമായ അത്രയും പ്രത്യേകതയുള്ള കാര്യമാണ് എന്നും പെരേര പറഞ്ഞു.
അമേരിക്കയ്ക്കെതിരായ സൗഹൃദ മത്സരം കളിക്കുന്ന ടീമിലാണ് പെരേര ഉൾപ്പെട്ടിരിക്കുന്നത്. പെരേര ബ്രസീലിനായി കളിച്ചാൽ 100 വർഷത്തിനിടെ ആദ്യമായി ബ്രസീലിൽ ജനിക്കാത്ത ഒരു താരം ബ്രസീൽ ടീമിൽ കളിക്കുന്നു എന്ന നേട്ടം കൈവരിക്കും.
ബെൽജിയത്തിൽ ആണ് ജനിച്ച് വളർന്നത് എങ്കിലും പെരേരയുടെ പിതാവിന്റെ നാട് ബ്രസീൽ ആണ്. ബെൽജിയത്തിനായി അണ്ടർ 15, അണ്ടർ 16, അണ്ടർ 17 ടീമുകൾക്ക് കളിച്ചിട്ടുണ്ട് പെരേര. പക്ഷെ അതിനു ശേഷം ബ്രസീലിന് കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ബ്രസീലിന്റെ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായി പെരേര കളിച്ചിട്ടുണ്ട്.