സ്റ്റീവന്‍ സ്മിത്തിന്റെയും ഷായി ഹോപ്പിന്റെയും മികവില്‍ നേടിയ 156 റണ്‍സ് കാത്ത് രക്ഷിച്ച ബാര്‍ബഡോസ് ട്രിഡന്റ്സിനു ജമൈക്ക തല്ലാവാസിനെതിരെ 2 റണ്‍സ് ജയം. 20 ഓവറില്‍ 3 വിക്കറ്റുകള്‍ മാത്രമേ നഷ്ടപ്പെട്ടുള്ളുവെങ്കിലും 154 റണ്‍സ് മാത്രമേ തല്ലാവാസിനു നേടാനായുള്ളു. റോസ് ടെയിലര്‍-ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട് പുറത്താകാതെ നിന്നുവെങ്കിലും അവസാന ഓവറില്‍ വേണ്ടിയിരുന്നു 9 റണ്‍സ് നേടുവാന്‍ ടീമിനായില്ല. റേയ്മണ്‍ റീഫര്‍ എറിഞ്ഞ ഓവറില്‍ വെറും 6 റണ്‍സാണ് ടീം നേടിയത്.
അവസാന അഞ്ചോവറിലെ ബൗളിംഗ് പ്രകടനമാണ് ട്രിഡന്റ്സിനെ വിജയത്തിലേക്ക് നയിച്ചത്. റോസ് ടെയിലറെയും(26*) ഡേവിഡ് മില്ലറും(25*) 13ാം ഓവറില്‍ ഒത്തുചേര്‍ന്നുവെങ്കിലും അവസാന ഏഴ് ഓവറുകളില്‍ നിന്ന് ഇവര്‍ക്ക് അധികം റണ്‍സ് കണ്ടെത്താനായിരുന്നില്ല. ഗ്ലെന്‍ ഫിലിപ്പ്സ്(36), ജോണ്‍സണ്‍ ചാള്‍സ്(42) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സ്റ്റീവ് സ്മിത്ത് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഇര്‍ഫാനാണ് ഒരു വിക്കറ്റ്. ആഷ്‍ലി നഴ്സ് 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി തല്ലാവാസിനു കുതിപ്പിനു തടയിട്ടു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രിഡന്റ്സിനു വേണ്ടി സ്റ്റീവ് സ്മിത്ത്(44 പന്തില്‍ 63 റണ്‍സ്), ഷായി ഹോപ്(35 പന്തില്‍ 43 റണ്‍സ്) എന്നിവരാണ് തിളങ്ങിയത്. ആന്‍ഡ്രേ റസ്സല്‍ രണ്ടും സാമുവല്‍ ബദ്രി, ഒഷെയന്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.