മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേര താൻ ബ്രസീലിനായി ദേശീയ ടീമിന് കളിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കി. ബെൽജിയത്തിൽ ആണ് ജനിച്ച് വളർന്നത് എങ്കിലും പെരേരയുടെ പിതാവിന്റെ നാട് ബ്രസീൽ ആണ്. ബെൽജിയത്തിനായി അണ്ടർ 15, അണ്ടർ 16, അണ്ടർ 17 ടീമുകൾക്ക് കളിച്ചിട്ടുണ്ട് പെരേര. പക്ഷെ അതിനു ശേഷം ബ്രസീലിന് കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ബ്രസീലിന്റെ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായി പെരേര കളിച്ചിട്ടുണ്ട്.
ബെൽജിയം സെപ്റ്റംബറിൽ കളിക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങൾക്കായി പെരേരയെ ടീമിലെടുത്തേക്കും എന്ന് സൂചനകൾ ഉണ്ടായിരുന്നു. ബെൽജിയൻ ടീമിലേക്ക് ക്ഷണിച്ചാലും പെരേര ക്ഷണം സ്വീകരിക്കില്ല. ഐസ്ലാന്റ്, സ്കോട്ട്ലൻഡ് ടീമുകൾക്ക് എതിരെയാണ് ബെൽജിയം സെപ്റ്റംബറിൽ കളിക്കുന്നത്. ബ്രസീലിയൻ പരിശീലകൻ ടിറ്റെയുടെ ശ്രദ്ധയിൽ വരുന്നത് വരെ കാത്തിരിക്കാനാണ് പെരേരയുടെ ഇപ്പോഴത്തെ തീരുമാനം.
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിൽ ബ്രസീലിയൻ താരമായ ഫ്രെഡിനൊപ്പം അണിനിരക്കുന്ന പെരേര ഉടൻ തന്നെ ഫ്രെഡിനൊപ്പം ബ്രസീലിലും കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial