മാക്സ്വെല്‍ മാജിക്കിനു ശേഷം പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ച് ഫകര്‍ സമന്‍

Sports Correspondent

പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ തനിക്ക് കൂട്ടായി ഓപ്പണിംഗില്‍ പലരുമെത്തി പരാജയപ്പെട്ടുവെങ്കിലും തന്റെ മിന്നും ഫോം തുടര്‍ന്ന പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫകര്‍ സമന്റെ മികവില്‍ ത്രിരാഷ്ട്ര പരമ്പര ഫൈനല്‍ സ്വന്തമാക്കി പാക്കിസ്ഥാന്‍. ഗ്ലെന്‍ മാക്സ്വെല്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന്‍ തോല്‍വിയിലേക്കാണ് വീഴുന്നതെന്ന തോന്നല്‍ സൃഷ്ടിക്കുവാന്‍ ഓസ്ട്രേലിയയ്ക്കായെങ്കിലും സമനു മറ്റു പദ്ധതികളായിരുന്നുവുണ്ടായിരുന്നത്.

മാക്സ്വെല്ലിനെക്കൊണ്ട് ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഫിഞ്ചിനു ഇരട്ട നേട്ടമാണ് ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ സ്വന്തമാക്കുവാനായത്. ആദ്യ പന്തില്‍ അരങ്ങേറ്റക്കാരന്‍ സാഹിബ്സാദ ഫര്‍ഹാനെയും നാലാം പന്തില്‍ ഹുസൈന്‍ തലത്തിനെയും പാക്കിസ്ഥാനു നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡ് 2/2 എന്ന നിലയിലായിരുന്നു. പിന്നീട് സര്‍ഫ്രാസ് അഹമ്മദിനൊപ്പം 45 റണ്‍സ് കൂടി സമന്‍ നേടിയെങ്കിലും 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സര്‍ഫ്രാസ് പുറത്തായത് ടീമിനെ വീണ്ടും പ്രതിസന്ധിയിലാക്കി.

എന്നാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയ ഫകര്‍ സമന്‍ 11.3 ഓവറില്‍ ആഷ്ടണ്‍ അഗറിനെ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. 30 പന്തില്‍ നിന്നാണ് ഫകര്‍ തന്റെ അര്‍ദ്ധ ശതകം നേടിയത്. അര്‍ദ്ധ ശതകം നേടിയതിനു ശേഷം കൂടുതല്‍ ആക്രമിച്ചു കളിച്ച ഫകര്‍ സമന്‍ ഓസ്ട്രേലിയയുടെ വിജയ പ്രതീക്ഷകളെ ഇല്ലാതാക്കുകയായിരുന്നു.

നാലാം വിക്കറ്റില്‍ കൂട്ടായി എത്തിയ ഷൊയ്ബ് മാലിക്കുമായി ചേര്‍ന്ന് 107 റണ്‍സ് നേടി പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കുവാന്‍ സമനു സാധിച്ചു. 46 പന്തില്‍ നിന്ന് 91 റണ്‍സ് നേടി ഫകര്‍ പുറത്തായെങ്കിലും പാക്കിസ്ഥാനെ വിജയത്തിനു അടുത്തെത്തിച്ച ശേഷമാണ് താരം മടങ്ങിയത്. 43 റണ്‍സുമായി ഷൊയ്ബ് മാലിക് പുറത്താകാതെ നിന്നപ്പോള്‍ 17 റണ്‍സുമായി ആസിഫ് അലിയും മാലിക്കിനു മികച്ച പിന്തുണയുമായി വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചു. 4 പന്ത് ശേഷിക്കെയാണ് പാക്കിസ്ഥാന്റെ 6 വിക്കറ്റ് ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial