ലോകകപിലെ ആദ്യ സെമി ഫൈനലിസ്റ്റുകളായി ഫ്രാൻസ്. ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉറുഗ്വേയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് സെമി ഫൈനലിലെക്ക് മുന്നേറിയത്. ഫ്രാന്സിന് വേണ്ടി റാഫേൽ വരാൻ, ഗ്രീസ്മാൻ എന്നിവരാണ് ഗോൾ നേടിയത്.
ആവേഷകരമായിരുന്നു ആദ്യ പകുതി, ഇരു ഗോൾ മുഖത്തും ബാൾ നിരന്തരം എത്തിയപ്പോൾ ഏതുനിമിഷവും ഗോൾ പിറക്കുമെന്ന് തോന്നിച്ചിരുന്നു. 40ആം മിനിറ്റിൽ ഫ്രാൻസ് മുന്നിൽ എത്തി. ഹെർണാണ്ടസിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഗ്രീസ്മാൻ എടുത്തപ്പോൾ മികച്ച ഹെഡറിലൂടെയാണ് വരാൻ ഗോൾ നേടിയത്. 44ആം മിനിറ്റിൽ കസെലസിന്റെ ഗോളെന്നുറച്ച ഒന്നാന്തരം ഒരു ഹെഡർ ഫ്രഞ്ച് കീപ്പർ ലോറിസ് പറന്നു തടുത്തതോടെ ഫ്രാൻസ് ലീഡ് നിലനിർത്തി.
ഒരു ഗോൾ പിന്നിലായി രണ്ടാം പകുതി തുടങ്ങിയ ഉറുഗ്വേക്ക് ഫ്രാന്സിനെതിരെ കാര്യമായ വെല്ലുവിളി ഉയർത്താൻ ആയില്ല. 61ആം മിനിറ്റിൽ ഉറുഗ്വേ ഗോൾ കീപ്പർ മുസ്‌ലെറയുടെ പിഴവിൽ നിന്നും ഫ്രാൻസ് ലീഡ് രണ്ടാക്കി ഉയർത്തി. പോഗ്ബ തുടങ്ങി വച്ച മുന്നേറ്റം ബോക്സിന് പുറത്തു വെച്ച് ഗ്രീസ്മാൻ പന്ത് ബോക്സിലേക്ക് പായിച്ചു, ഗ്രീസ്മാന്റെ പവർ ഷോട്ട് ഗോൾ കീപ്പർ തടഞ്ഞെങ്കിലും പന്ത് വലയിലേക്ക് കയറി.
ഉറുഗ്വേക്കെതിരെ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഫ്രാൻസ് വിജയം കണ്ടത്. വിജയത്തോടെ ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറി. ബ്രസീൽ ബെൽജിയം മത്സരത്തിലെ വിജയികളെയാവും ഫ്രാൻസ് സെമിയിൽ നേരിടുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial