ഫെല്ലൈനി കളിക്കുന്ന ടീമുകളിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക തരം ടാക്ടിക്സാണ് ഈ ഫെല്ലൈനി ടാക്ടിക്സ്. ഇന്ന് റൊബേർട്ടോ മാർട്ടിനെസിനെ ഒരു നാണക്കേടിൽ നിന്ന് രക്ഷിച്ചതും ജപ്പാനെ ചരിത്ര വിജയത്തിൽ നിന്ന് തടഞ്ഞതും ആ ടാക്ടിക്സ് ആണ്. ഫെല്ലൈനി ഉള്ള ടീമുകളിൽ മാത്രമെ ഈ ടാക്ടിക്സ് ഫലപ്രദമാകുന്നത് കണ്ടിട്ടുള്ളൂ. കുറിയ പാസുകളിലൂടെയും ത്രൂ പാസുകളിലൂടെയും ഒന്നും ഒരു വിധത്തിലും ഡിഫൻസിനെ ബ്രേക്ക് ചെയ്യാൻ കഴിയുന്നില്ല എന്ന് വരുമ്പോൾ ഫെല്ലൈനിയെ രംഗത്ത് ഇറക്കുകയാണ് ഇതിന്റെ ആദ്യ കടമ്പ.
മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആകും ഈ ടാക്ടിക്സ് നന്നായി അറിയുക. ഡേവിഡ് മോയസ് ഫെല്ലൈനിയി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിച്ചത് മുതൽ ഇപ്പോ ഹോസെ മൗറീനോയുടെ കാലം വരെ ഇടക്കിടെ യുണൈറ്റഡ് ആരാധകർ കാണേണ്ടി വരുന്നതാണ് ഈ ടാക്ടിക്സ്. ഫെല്ലൈനിയെ സ്ട്രൈക്കർക്ക് ഒപ്പം കളിപ്പിച്ച് പരമാവധി ഹൈ ബോളുകൾ ബോക്സിലേക്ക് എത്തിക്കുന്നതാണ് തന്ത്രം. കാലിനേക്കാൾ കൂടുതൽ കളി തലയിൽ ഉള്ള ഫെല്ലൈനി ബോക്സിൽ ഉണ്ടാകുമ്പോൾ ഒരോ ഹൈ ബോളും ഗോൾ ചാൻസാണ്.
യുണൈറ്റഡ് ആരാധകരാണ് ഈ ടാക്ടിക്സിനെ ഏറെ വിമർശിച്ചിട്ടുള്ളത് എങ്കിലും ഈ ടാക്ടിക്സ് പലപ്പോഴും രക്ഷയ്ക്ക് എത്തിയിട്ടുണ്ട്. ഇന്നും അത് രക്ഷക്കെത്തി. 2-0ന് പിറകിൽ നിൽക്കുമ്പോൾ ഫെല്ലൈനിയെ ഇറക്കിയ ബെൽജിയം അധികം സമയം എടുത്തില്ല സ്കോർ 2-2 എന്നതിലേക്ക് എത്താൻ. ഫെല്ലൈനി ലുകാകു എന്നിവരിടെ ബോക്സിലെ സാന്നിദ്ധ്യം ജപ്പാൻ ഡിഫൻസിന്റെ താളം ഒന്നാകെ തെറ്റിച്ചു. ബെൽജിയത്തിന്റെ തിരിച്ചുവരവിലെ ആദ്യ രണ്ട് ഗോളുകൾ ഹെഡറായിരുന്നു എന്നത് ഓർക്കുക. അതിൽ രണ്ടാമത്തേത് എണ്ണം പറഞ്ഞ ഫെല്ലൈനി ഹെഡർ.
മാഞ്ചസ്റ്ററിൽ പോലും അധികം ആരാധകർ ഇല്ലാത്ത താരമാണ് ഫെല്ലൈനി എങ്കിലും ഇന്ന് ഫെല്ലൈനിയുടെ സാന്നിദ്ധ്യം മാത്രമാണ് ബെൽജിയത്തെ രക്ഷിച്ചത് എന്ന് സമ്മതിച്ചേ പറ്റൂ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial