മെസ്സി ടീമിൽ ഇല്ലെങ്കിൽ അർജന്റീന വെറുമൊരു സാധാരണ ടീം ആണെന്ന് അർജന്റീന ഇതിഹാസം മറഡോണ. ഫ്രാൻസിനെതിരെയുള്ള തോൽവിക്ക് ശേഷം സംസാരിക്കുകയായിരുന്നു മറഡോണ. മത്സരത്തിൽ മെസ്സിയെ ഫാൾസ് 9 ആക്കി കൊണ്ടായിരുന്നു സമ്പോളി ടീമിനെ ഇറക്കിയത്. എന്നാൽ എംബപ്പേയുടെ മികച്ച പ്രകടനത്തിൽ ഫ്രാൻസ് അർജന്റീനയെ മറികടക്കുകയായിരുന്നു.
മിഡ്ഫീൽഡിൽ മെസ്സിക്ക് പന്ത് കിട്ടുന്നത് ഫ്രാൻസ് നന്നായി തടഞ്ഞുവെന്നും അതുകൊണ്ട് മത്സരത്തിൽ മെസ്സിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും മറഡോണ പറഞ്ഞു. മെസ്സിയുടെ മേൽ അർജന്റീന ടീം ഒരുപാട് സമ്മർദ്ദം ചെലുത്തിയെന്നും മറഡോണ പറഞ്ഞു. മത്സരത്തിൽ അർജന്റീന കോച്ച് സമ്പോളിയുടെ ടീം തിരഞ്ഞെടുക്കലിനെയും മറഡോണ വിമർശിച്ചു. ഒരു സ്ട്രൈക്കറെ ഉൾപ്പെടുത്താതെ കളിച്ചതിനെയാണ് മറഡോണ വിമർശിച്ചത്. പാവോണും ഡി മരിയയും മെസ്സിയും കളി ഉണ്ടാക്കുമെന്നും എന്നാൽ അവർ ആരും സ്ട്രൈക്കർമാർ അല്ല എന്നും മറഡോണ കൂട്ടിച്ചേർത്തു.
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എംബപ്പേയെ അഭിനന്ദിക്കാനും മറഡോണ മറന്നില്ല. മുൻ അർജന്റീന താരം കനീജിയയുടെ ആദ്യ കാല പ്രകടനങ്ങളൊടാണ് മറഡോണ എംബപ്പേയുടെ പ്രകടനത്തെ ഉപമിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial