ആദ്യ ദിവസത്തേതിനു സമാനമായി ധാക്കയില്‍ രണ്ടാം ദിവസവും ബൗളര്‍മാരുടെ ആധിപത്യം. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 222 റണ്‍സ് പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 112 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ശ്രീലങ്ക രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ദിവസം 200/8 എന്ന നിലയിലാണ്. മത്സരത്തില്‍ ശ്രീലങ്കയുടെ ആകെ ലീഡ് 312 ആയിട്ടുണ്ട്.
തലേ ദിവസത്തെ സ്കോറായ 56/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ 107/5 എന്ന നിലയിലേക്ക് എത്തുകയും പിന്നീട് 3 റണ്‍സ് നേടുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ അകില ധനന്‍ജയയാണ് ബംഗ്ലാദേശിനെ നാണക്കേടിലേക്ക് തള്ളിയിട്ടത്. 38 റണ്‍സുമായി മെഹ്ദി ഹസന് പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്കയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയത് രോഷെന്‍ സില്‍വയാണ്. 58 റണ്‍സുമായി രോഷെന്‍ ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. 30 റണ്‍സ് നേടി ദിനേശ് ചന്ദിമലും 32 റണ്‍സ് നേടിയ ഓപ്പണര്‍ ദിമുത് കരുണാരത്നേയുമാണ് ശ്രീലങ്കയ്ക്കായി റണ്‍സ് കണ്ടെത്തിയത്. രോഷെന്‍ സില്‍വയ്ക്ക് കൂട്ടായി ഏഴ് റണ്‍സുമായി സുരംഗ ലക്മല്‍ ആണ് ക്രീസില്‍. ആദ്യ ഇന്നിംഗ്സിലും രോഷെന്‍ അര്‍ദ്ധ ശതകം നേടിയിരുന്നു.
ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന് മൂന്നും തൈജുല്‍ ഇസ്ലാം മെഹ്ദി ഹസന് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial