പ്രതിരോധ പിഴവുകൾ തുടർക്കഥയാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വീണ്ടും പ്രതിരോധത്തിലെ അബദ്ധം വിനയായി. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ് സിയെ നേരിട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.
14ആം മിനുട്ടിൽ എഡു ഗാർസിയയുടെ അസിസ്റ്റിൽ ഡിഫൻഡർ യുവാനാൻ ആണ് ബെംഗളൂരു എഫ് സിക്ക് ലീഡ് നേടിക്കൊടുത്തത്. ഗോൾ വഴങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നോർത്ത് ഈസ്റ്റ് 45ആം മിനുട്ടിൽ സമനില ഗോൾ കണ്ടെത്തി. ബെംഗളൂരു വഴങ്ങിയ പെനാൾട്ടിയിൽ നിന്നായിരുന്നു ഹൈലാൻഡേഴ്സിന്റെ ഗോൾ. മാർസീനോ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.
രണ്ടാം പകുതിയിൽ 51ആം മിനുട്ടിലാണ് നോർത്ത് ഈസ്റ്റ് ഡിഫൻസിന്റെ ആ വലിയ അബദ്ധം നടന്നത്. ബോക്സിലേക്ക് വന്ന ബെംഗളൂരു ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച രണ്ട് നോർത്ത് ഈസ്റ്റ് ഡിഫൻഡേഴ്സിന്റേയും ശ്രമം പാഴാവുകയും പന്ത് ഒരു ഇടം കാലൻ ഫിനിഷിലൂടെ ഛേത്രി വലയിൽ എത്തിക്കുകയുമായിരുന്നു.
സുനിൽ ഛേത്രിയുടെ ലീഗിലെ എട്ടാമത്തെ ഗോളാണ് ഇത്. ഇന്നത്തെ ജയത്തോടെ ബെംഗളൂരു വീണ്ടും ലീഗിൽ ഒന്നാമതെത്തി. 11 കളികളിൽ ഏഴു തോറ്റ നോർത്ത് ഈസ്റ്റ് ഇപ്പോൾ 9ആം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial