സൈമിൻ ലെൻ ദുംഗലുന്റെ ഹാട്രിക്ക് കണ്ട മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ ജയം. ഇന്ന് സ്വന്തം നാട്ടിൽ ചെന്നൈയിനെ നേരിട്ട നോർത്ത് ഈസ്റ്റ് സീസൺ തുടക്കത്തിൽ ചെന്നൈയിൽ ചെന്ന് വാങ്ങിയ മൂന്നു ഗോളുകൾ തിരിച്ച് ചെന്നൈ വലയിലേക്ക് കൊടുത്തു കൊണ്ട് മൂന്നി പോയന്റ് സ്വന്തമാക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റിന്റെ ജയം.
നോർത്ത് ഈസ്റ്റിന്റെ അവസാന മത്സരത്തിൽ നിന്ന് ഒരേയൊരു മാറ്റം മാത്രമായാണ് ആദ്യ ഇലവനിൽ അവ്രാം ഗ്രാന്റ് ഇന്ന് നടത്തിയത്. അത് സൈമിൻലെൻ ദുംഗൽ എന്ന മണിപ്പൂരി യുവതാരമായിരുന്നു. ലെൻ ദുംഗൽ തന്നെ ഇന്ന് താരമാവുകയും ചെയ്തു. 42, 46, 68 മിനുട്ടുകളിലായിരുന്നു ഈ യുവതാരത്തിന്റെ ബൂട്ടുകളിൽ നിന്ന് ഗോൾ പിറന്നത്. മൂന്നു മികച്ച ഫിനിഷുകളുമായിരുന്നു.
ഐ എസ് എല്ലിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് സൈമിൻലെൻ ദുംഗൽ. ഇതിനു മുമ്പ് സുനിൽ ഛേത്രിയും ഹാവോകിപ്പും മാത്രമാണ് ഹാട്രിക്ക് നേടിയ ഇന്ത്യൻ താരങ്ങൾ.
80ആം മിനുട്ടിൽ അനിരുദ്ധ് താപയുടെ മികച്ച സ്ട്രൈക്കിലൂടെ ചെന്നൈയ്ക്ക് ഒരു ഗോൾ ആശ്വാസമായി ലഭിച്ചു എങ്കിലും കളിയിലേക്ക് തിരിച്ചു വരാൻ ഉള്ള ഊർജ്ജം ആ ഗോൾ നൽകിയില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മൂന്നാമത്തെ ജയം മാത്രമാണിത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial