തിങ്കളാഴ്ച രാത്രിയിൽ മത്സരം നടത്താനുള്ള ജർമ്മൻ ഫുട്ബോൾ ലീഗ് അധികൃതരുടെ തീരുമാനത്തിനെതിരെ ബൊറൂസിയ ഡോർട്ട്മുണ്ട് ഫാൻസ്. ഡോർട്ട്മുണ്ടിന്റെ ലോകപ്രശസ്തമായ യെല്ലോ വാൾ എന്ന പേരിൽ അറിയപ്പെടുന്ന സൗത്ത് സ്റ്റാൻഡ് ബഹിഷ്കരിച്ച് പ്രതികരിക്കാനാണ് ഡോർട്ട്മുണ്ട് ആരാധകരുടെ തീരുമാനം. ഈ സീസണിലാണ് 5 മത്സരങ്ങൾ തിങ്കളാഴ്ച രാത്രിയിൽ നടത്താൻ ആദ്യമായി ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനം എടുത്തത്. വീക്കെന്റുകളിൽ മാത്രമാണ് സാധാരണയായി ബുണ്ടസ് ലീഗ മത്സരങ്ങൾ നടക്കാറുള്ളത്. അപൂർവ്വമായി മിഡ് വീക്ക് മത്സരങ്ങളും. എന്നാൽ തിങ്കളാഴ്ച രാത്രി മത്സരം നടത്താനുള്ള തീരുമാനം ബുണ്ടസ് ലീഗ ആരാധകരുടെയെല്ലാം എതിർപ്പ് ക്ഷണിച്ച് വരുത്തിക്കഴിഞ്ഞു.
ഈ സീസണിലെ തിങ്കളാഴ്ച നടക്കുന്ന ആദ്യ മത്സരം ഫെബ്രുവരി 19 നു നടക്കും. അന്ന് ഫ്രാങ്ക്ഫർട്ടാണ് ലെപ്‌സിഗിനെ നേരിടുന്നത്. ഫെബ്രുവരി 26 നാണു ഓഗ്സ്ബർഗ് – ഡോർട്ട്മുണ്ട് മത്സരം സിഗ്നൽ ഇടൂന പാർക്കിൽ നടക്കുക. അന്ന് ഇരുപത്തിനാലായിരത്തോളം വരുന്ന ഡോർട്ട്മുണ്ട് ആരാധകർ ഉൾപ്പെടുന്ന യെല്ലോ വാളാണ് പ്രതിഷേധ സൂചകമായി ഒഴിഞ്ഞ് കിടക്കാൻ പോകുന്നത്. എല്ലാ മത്സരങ്ങളിലും സ്റ്റേഡിയം നിറഞ്ഞു കവിയുന്ന ഡോർട്ട്മുണ്ട് മാച്ചിൽ ആണ് ഈ പ്രതിഷേധം അരങ്ങേറുക. ജർമ്മൻ ഫുട്ബോൾ ലീഗ് അധികൃതർ തിങ്കളാഴ്ച മത്സരം എന്ന ആശയം ഉപേക്ഷിക്കുമോ എന്നത് കാത്തിരുന്നു കാണാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial