കൊൽക്കത്തയെ നേരിടാൻ കൊൽക്കത്തയ്ക്ക് പുറപ്പെട്ട എഫ് സി ഗോവയ്ക്ക് ചില്ലറ പ്രശ്നങ്ങൾ അല്ല ഇന്ന് നേരിടേണ്ടി വന്നത്. 8 മണിക്ക് തുടങ്ങേണ്ട മത്സരത്തിന് എഫ് സി ഗോവ ഗ്രൗണ്ടിലേക്ക് എത്തിയത് 9.45നായിരുന്നു. ഒന്ന് വാമപ്പ് ചെയ്യാൻ വരെ അവസരമില്ലാതെ കളത്തിൽ ഇറങ്ങിയ എഫ് സി ഗോവയ്ക്ക് ഇന്ന് ലഭിച്ച സമനില വിജയത്തിന് തുല്യം എന്നു തന്നെ പറയാം. ഇരു ടീമുകളും ഒരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്.
കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ എഫ് സി ഗോവയുടെ വലയിലേക്ക് ഗോൾ കയറ്റി റോബി കീൻ എടികെ കൊൽക്കത്തയെ മുന്നിൽ എത്തിച്ചു. ടെയ്ലറിന്റെ ക്രോസിൽ നിന്ന് ഒരു സിമ്പിൾ ഹെഡറിലൂടെ ആയിരുന്നു കീനിന്റെ ഗോൾ. 24ആം മിനുട്ടിൽ കോറോയിലൂടെ എഫ് സി ഗോവ സമനില പിടിച്ചെടുത്തു. എടികെ ഡിഫൻസിന് വന്ന പിഴവ് മുതലാക്കിയായിരുന്നു കോറോയുടെ ഗോൾ. കോറോയുടെ ലീഗിലെ ഒമ്പതാം ഗോളാണിത്.
ഇരു ടീമുകളും മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കളിയിലുടനീളം കാഴ്ചവെച്ചു എങ്കിലും ഗോൾകീപ്പർമാരായ ദെബിജിത് മജുംദാറിന്റേയും കട്ടിമണിയുടേയും മികവ് ഇരുടീമുകളേയും രണ്ടാം ഗോളിൽ നിന്ന് തടയുകയായിരുന്നു. സമനിലയിൽ കിട്ടിയ ഒരു പോയന്റോടെ മുംബൈ സിറ്റിയെ മറികടന്ന് ഗോവ ആദ്യ നാലിൽ എത്തി. എടികെ കൊൽക്കത്ത ഏഴാം സ്ഥാനത്താണ് ഇപ്പോൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial