ടി20 ലോകകപ്പിലെ ത്രില്ലര്‍ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഡബിള്‍ സൂപ്പര്‍ ഓവര്‍ മത്സരത്തിൽ മറികടന്ന് ദക്ഷിണാഫ്രിക്ക. നിശ്ചിത മത്സരത്തിലും ആദ്യ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും ബലാബലം പരീക്ഷിച്ചപ്പോള്‍ മത്സരത്തിന്റെ രണ്ടാം സൂപ്പര്‍ ഓവറിൽ വിജയം കൈക്കലാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി.
ആദ്യ സൂപ്പര്‍ ഓവറിൽ 17 റൺസ് അഫ്ഗാനിസ്ഥാന് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 17 റൺസാണ് നേടിയത്. സൂപ്പര്‍ ഓവറിലെ അവസാന പന്തിൽ സിക്സ് നേടിയാണ് സ്റ്റബ്സ് ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു സൂപ്പര്‍ ഓവര്‍ അവസരം കൂടി നൽകിയത്.
രണ്ടാം സൂപ്പര്‍ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ മില്ലറും സ്റ്റബ്സും ചേര്‍ന്ന് 23 റൺസിലെത്തിച്ചപ്പോള്‍ ഗുര്‍ബാസ് തുടരെ മൂന്ന് സിക്സുകള്‍ അഫ്ഗാനിസ്ഥാന് വേണ്ടി നേടിയെങ്കിലും ടീമിന് 19 റൺസേ നേടാനായുള്ളു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. 28 പന്തിൽ 61 റൺസുമായി റയാന് റിക്കൽട്ടൺ ടോപ് സ്കോറര്‍ ആയപ്പോള്‍ ക്വിന്റൺ ഡി കോക്ക് 59 റൺസും ഡെവാള്‍ഡ് ബ്രെവിസ് (23), ഡേവിഡ് മില്ലര്‍ (20*) എന്നിവരും റൺസ് കണ്ടെത്തി. അഫ്ഗാനിസ്ഥാനായി അസ്മുത്തുള്ള ഒമര്‍സായി മൂന്നും റഷീദ് ഖാന് രണ്ടും വിക്കറ്റ് നേടി.
അഫ്ഗാന് നിരയിൽ 42 പന്തിൽ 84 റൺസുമായി റഹ്മാനുള്ള ഗുര്‍ബാസ് ആണ് ടോപ് സ്കോറര്‍. അവസാന ഓവറിൽ ജയിക്കാന്‍ 12 റൺസ് അഫ്ഗാനിസ്ഥാന് നേടേണ്ട ഘട്ടത്തിൽ കാഗിസോ റബാഡ എറിഞ്ഞ നോബോള്‍ ആണ് മത്സരഗതിയെ മാറ്റി മറിച്ചത്. ആദ്യ പന്തിൽ നൂര്‍ അഹമ്മദ് കവറിൽ ക്യാച് നൽകിയെങ്കിലും റബാഡ ഓവര്‍സ്റ്റെപ് ചെയ്തത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.
രണ്ടാം പന്തിൽ നൂര്‍ അഹമ്മദ് റബാഡയെ സിക്സര്‍ പറത്തി. നാലാം പന്തിൽ വീണ്ടും റബാഡ ഒരു നോബോള്‍ എറിഞ്ഞപ്പോള്‍ മൂന്ന് പന്തിൽ നിന്ന് ലക്ഷ്യം 2 റൺസായി മാറി. ഫ്രീ ഹിറ്റ് പന്തിൽ ഫസൽഹഖ് ഫറൂഖി റണ്ണൗട്ടായപ്പോള്‍ അഫ്ഗാനിസ്ഥാന് 187 റൺസിൽ ഓള്‍ഔട്ട് ആയി.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





