സന്തോഷ് ട്രോഫി: ക്വാർട്ടറിൽ കേരളം ആസാമിനെ നേരിടും

Newsroom

Resizedimage 2026 01 24 11 04 50 1

സിലാപഥർ: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളത്തിന് തോൽവി. സിലാപഥർ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസ് കേരളത്തെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 18-ാം മിനിറ്റിൽ അഭിഷേക് പവാറാണ് സർവീസസിന്റെ വിജയഗോൾ നേടിയത്.

അഷറിന് ചുവപ്പ് കാർഡ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ കേരളത്തിന്റെ മധ്യനിര താരം മുഹമ്മദ് അഷർ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. 63-ാം മിനിറ്റിൽ ആദ്യ മഞ്ഞക്കാർഡ് ലഭിച്ച അഷറിന്, രണ്ടു മിനിറ്റിനുള്ളിൽ (65′) രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും ലഭിക്കുകയായിരുന്നു. പത്തുപേരായി ചുരുങ്ങിയെങ്കിലും അവസാന നിമിഷം വരെ പൊരുതിയ കേരളത്തിന് സമനില ഗോൾ കണ്ടെത്താനായില്ല.

ക്വാർട്ടറിൽ ആസാം വെല്ലുവിളി നേരത്തെ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്ന കേരളം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്നത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമാണ് കേരളത്തിന്റെ എതിരാളികൾ.