79-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രകടനം തുടരുന്ന കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അസമിലെ സിലാപഥർ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ നാലാം മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം മേഘാലയയെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 36-ാം മിനിറ്റിൽ അർജുൻ വിയിലൂടെ മുന്നിലെത്തിയ കേരളം, 71-ാം മിനിറ്റിൽ മുഹമ്മദ് റിയാസ് പി ടി നേടിയ പെനാൽറ്റി ഗോളിലൂടെ ലീഡ് വർദ്ധിപ്പിച്ചു. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കി നിൽക്കെ മുഹമ്മദ് അജ്‌സൽ കേരളത്തിന്റെ മൂന്നാം ഗോളും നേടി വിജയം പൂർത്തിയാക്കി. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് പുലർത്തിയ കേരളം ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഈ വിജയം സ്വന്തമാക്കിയത്.
നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് നേടിയതോടെ ഒരു മത്സരം ബാക്കിനിൽക്കെ തന്നെ കേരളം നോക്കൗട്ട് ഘട്ടം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസിനെയാണ് കേരളം ഇനി നേരിടുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് മുന്നേറാനാണ് ടീം ഇപ്പോൾ ലക്ഷ്യമിടുന്നത്.









