വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആശ്വാസം നൽകിക്കൊണ്ട് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരിശീലനം പുനരാരംഭിച്ചു. ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ താരം നെറ്റ്സ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ജനുവരി 11-ന് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തിന് പരമ്പരയിലെ ബാക്കി മത്സരങ്ങളും നിലവിൽ നടക്കുന്ന ടി20 പരമ്പരയും നഷ്ടമായിരുന്നു. വിദഗ്ധ പരിശോധനകൾക്കും വിശ്രമത്തിനും ശേഷം കുറഞ്ഞ തീവ്രതയിലുള്ള ബാറ്റിംഗ് പരിശീലനമാണ് 26-കാരനായ സുന്ദർ ഇപ്പോൾ നടത്തുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ കിരീടം നിലനിർത്താൻ ശ്രമിക്കുന്ന ടീമിനെ സംബന്ധിച്ചിടത്തോളം വാഷിംഗ്ടൺ സുന്ദറിന്റെ തിരിച്ചുവരവ് നിർണ്ണായകമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങാൻ ശേഷിയുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വലിയ ബാലൻസ് നൽകുന്നു.









