ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 215 റൺസ് നേടി ന്യൂസിലാണ്ട്. ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കം മുതലാക്കാനായില്ലെങ്കിലും ന്യൂസിലാണ്ട് 215റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഡെവൺ കോൺവേ – ടിം സീഫെര്‍ട് കൂട്ടുകെട്ട് നൂറ് റൺസ് 8.2 ഓവറിൽ കൂട്ടിചേര്‍ത്തുവെങ്കിലും കോൺവേയെ നഷ്ടമായത് ടീമിന് ആദ്യ തിരിച്ചടിയായി.
23 പന്തിൽ 44 റൺസ് നേടിയ ഡെവൺ കോൺവേയെ കുൽദീപ് യാദവ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിൽ രച്ചിന്‍ രവീന്ദ്രയെ ബുംറ മടക്കിയയ്ച്ചു. 36 പന്തിൽ 62 റൺസ് നേടിയ ടിം സീഫെര്‍ടിനെ അര്‍ഷ്ദീപ് പുറത്താക്കി ന്യൂസിലാണ്ടിന് മൂന്നാം പ്രഹരം ഏല്പിച്ചു.

അപകടകാരിയായി മാറുകയായിരുന്ന ഗ്ലെന്‍ ഫിലിപ്പ്സിനെ (24) പുറത്താക്കി കുൽദീപ് യാദവ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കി. അവസാന ഓവറുകളിൽ ഡാരിൽ മിച്ചല്‍ തകര്‍ത്തടിച്ചപ്പോള്‍ ന്യൂസിലാണ്ട് സ്കോര്‍ 200 കടന്നു. പുറത്താകാതെ 18 പന്തിൽ നിന്ന് 39 റൺസാണ് മിച്ചൽ നേടിയത്. ഇന്ത്യയ്ക്കായി കുൽദീപും അര്‍ഷ്ദീപും രണ്ട് വീതം വിക്കറ്റ് നേടി.









