അലിസ ഹീലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ നായികയായി സോഫി മോളിന്യൂവിനെ തിരഞ്ഞെടുത്തു. എല്ലാ ഫോർമാറ്റുകളിലും ഓസ്ട്രേലിയയെ നയിക്കുക 28-കാരിയായ ഈ ഇടംകൈയ്യൻ സ്പിന്നറായിരിക്കും. താലിയ മഗ്രാത്തിനെപ്പോലെയുള്ള പ്രമുഖ താരങ്ങളെ മറികടന്നാണ് മോളിന്യൂ ഈ പദവിയിലെത്തിയത്.
ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷം ഹീലി സ്ഥാനമൊഴിയുന്നതോടെ 2026-ൽ യുകെയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ നയിക്കുന്നത് മോളിന്യൂവായിരിക്കും.
പരിക്ക് മൂലം കരിയറിൽ വലിയ വെല്ലുവിളികൾ നേരിട്ടിട്ടുള്ള താരമാണ് മോളിന്യൂ. കാൽമുട്ടിനേറ്റ പരിക്കും സ്ട്രെസ് ഫ്രാക്ചറും കാരണം 2022-ലെ ആഷസ്, ഏകദിന ലോകകപ്പ് എന്നിവ നഷ്ടമായെങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.
ആഭ്യന്തര ക്രിക്കറ്റിൽ മെൽബൺ റെനഗേഡ്സിനെ അവരുടെ ആദ്യ ഡബ്ല്യുബിബിഎൽ (WBBL) കിരീടത്തിലേക്ക് നയിച്ചതോടെയാണ് മോളിന്യൂവിന്റെ നായകമികവ് ശ്രദ്ധിക്കപ്പെട്ടത്. ആ ടൂർണമെന്റിൽ 16 വിക്കറ്റുകൾ നേടി മികച്ച പ്രകടനവും താരം പുറത്തെടുത്തിരുന്നു. കൂടാതെ, 2024-ലെ വുമൺസ് പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരിവിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമായി മാറി കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു.









