ഇംഗ്ലീഷ് ഓൾറൗണ്ടർ മോയിൻ അലി തന്റെ ആഭ്യന്തര ക്രിക്കറ്റിലെ വിരമിക്കൽ തീരുമാനം പിൻവലിച്ച് യോർക്ക്ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബുമായി കരാറൊപ്പിട്ടു. ഈ വർഷത്തെ ടി20 ബ്ലാസ്റ്റ് ടൂർണമെന്റിൽ അദ്ദേഹം യോർക്ക്ഷെയറിനായി കളത്തിലിറങ്ങും. വാർവിക്ഷെയർ, വോർസെസ്റ്റർഷെയർ എന്നീ ക്ലബ്ബുകൾക്ക് ശേഷം മോയിൻ അലി പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ കൗണ്ടി ടീമാണിത്.
കഴിഞ്ഞ സീസണിൽ വിദേശ ലീഗുകളിൽ കളിക്കുന്നതിന് ഇസിബിയുടെ നിയമതടസ്സങ്ങൾ ഒഴിവാക്കാനായി അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 38-ാം വയസ്സിൽ ഹെഡിംഗ്ലിയിലേക്ക് താരം തിരിച്ചെത്തുന്നത് വലിയ ആവേശത്തോടെയാണ് ആരാധകർ കാണുന്നത്.
യോർക്ക്ഷെയറിൽ തന്റെ പഴയ സഹതാരങ്ങളായ ആദിൽ റഷീദ്, ജോണി ബെയർസ്റ്റോ എന്നിവർക്കൊപ്പം കളിക്കാൻ മോയിൻ അലിക്ക് സാധിച്ചേക്കും. കഴിഞ്ഞ വർഷം ഗ്ലോബൽ സൂപ്പർ ലീഗ്, സിപിഎൽ എന്നീ ടൂർണമെന്റുകൾക്കായി മാറ്റിവെച്ച ഹണ്ട്രഡ് ടൂർണമെന്റിലെ ലേലത്തിലും ഇത്തവണ അദ്ദേഹം പങ്കെടുക്കാൻ സാധ്യതയുണ്ട്.









