2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള നിർണ്ണായക മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ നീക്കം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴിവെച്ചേക്കാം. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ഈ കടുത്ത തീരുമാനത്തെക്കുറിച്ച് ആലോചിക്കുന്നത്.

എന്നാൽ ഇന്ത്യ-പാക് പോരാട്ടം ഉപേക്ഷിച്ചാൽ ബ്രോഡ്കാസ്റ്റർമാർക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം പരിഗണിച്ച്, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ (പി.സി.ബി) 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ തുക ബോർഡിന്റെ വാർഷിക പ്രവർത്തന ബജറ്റിനേക്കാൾ ഇരട്ടിയാണ്.
തിങ്കളാഴ്ച പി.സി.ബി അധ്യക്ഷൻ മൊഹ്സിൻ നഖ്‌വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുകയും ഐ.സി.സി വിഷയങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ബഹിഷ്‌കരണം ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും ചർച്ചയിലുണ്ടെന്നും അന്തിമ തീരുമാനം വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ ഉണ്ടാകുമെന്നും നഖ്‌വി വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിന് പകരമായി സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.
എന്നിരുന്നാലും, ഐ.സി.സിയുമായുള്ള കരാർ ലംഘിക്കുന്നത് പി.സി.ബിയുടെ സാമ്പത്തിക അടിത്തറയെത്തന്നെ തകർക്കാൻ സാധ്യതയുണ്ട്.
ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്നുള്ള പരസ്യം, സ്പോൺസർഷിപ്പ് എന്നിവയിലൂടെ ലഭിക്കേണ്ട തുക നഷ്ടമായാൽ ഐ.സി.സിയും ബ്രോഡ്കാസ്റ്റർമാരും പി.സി.ബിക്കെതിരെ കോടതിയെ സമീപിക്കും. കൂടാതെ ഐ.സി.സിയിൽ നിന്ന് ലഭിക്കേണ്ട വാർഷിക വരുമാനം മരവിപ്പിക്കാനും പി.സി.ബിയുടെ അംഗത്വത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്. ഈ വലിയ നിയമക്കുരുക്ക് മുന്നിലുള്ളതിനാൽ പാകിസ്ഥാൻ ബഹിഷ്‌കരണ നീക്കത്തിൽ നിന്ന് പിന്മാറാനാണ് കൂടുതൽ സാധ്യതയെന്ന് ക്രിക്കറ്റ് നിരീക്ഷകർ കരുതുന്നു.









