ബേൺമൗത്തിൽ ലാറ്റിൻ അമേരിക്കൻ ആവേശം; ബ്രസീലിയൻ യുവതാരം റയാൻ ടീമിലെത്തി

Newsroom

Resizedimage 2026 01 27 23 55 20 1


ബ്രസീലിയൻ ക്ലബ്ബായ വാസ്കോ ഡ ഗാമയിൽ നിന്ന് 19-കാരനായ മുന്നേറ്റ താരം റയാനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബേൺമൗത്ത് സ്വന്തമാക്കി. അഞ്ച് വർഷം നീളുന്ന കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. സൂപ്പർ താരം അന്റോയിൻ സെമെന്യോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയതോടെ ടീമിന്റെ ആക്രമണ നിരയിലുണ്ടായ വിടവ് നികത്താനാണ് ഈ ബ്രസീലിയൻ യുവപ്രതിഭയെ ബേൺമൗത്ത് ടീമിലെത്തിച്ചത്.

24.7 മില്യൺ പൗണ്ട് അടിസ്ഥാന തുകയായും പ്രകടന മികവ് അനുസരിച്ച് 5.6 മില്യൺ പൗണ്ട് അധികമായും നൽകുന്നതാണ് ഈ കരാർ. കൂടാതെ താരത്തിന്റെ മൂല്യം കണക്കിലെടുത്ത് 100 മില്യൺ യൂറോയുടെ റിലീസ് ക്ലോസും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


വാസ്കോ ഡ ഗാമയുടെ അക്കാദമിയിലൂടെ വളർന്നുവന്ന റായൻ, കഴിഞ്ഞ ബ്രസീലിയൻ സീരിയ എ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. താരത്തിന്റെ ഈ പ്രകടന മികവ് തന്നെയാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെ മറികടന്ന് റായനെ സ്വന്തമാക്കാൻ ബേൺമൗത്തിനെ പ്രേരിപ്പിച്ചത്. ബ്രസീലിന്റെ അണ്ടർ 20 ടീമിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുള്ള റയാൻ, ഇറാവോളയുടെ പരിശീലന തന്ത്രങ്ങളിൽ ഒരു പ്രധാന ഘടകമായി മാറുമെന്ന് ബേൺമൗത്ത് പ്രസിഡന്റ് ടിയാഗോ പിന്റോ വ്യക്തമാക്കി.