വുമൺസ് പ്രീമിയർ ലീഗ് 2026-ലെ ആവേശം നിറഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ജയന്റ്സ് മികച്ച വിജയം സ്വന്തമാക്കി. ഈ സീസണിൽ ഡൽഹിക്കെതിരെ ഗുജറാത്ത് നേടുന്ന രണ്ടാം വിജയമാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത്, നായിക ബെത്ത് മൂണിയുടെ അർദ്ധ സെഞ്ച്വറി മികവിലാണ് നിശ്ചിത 20 ഓവറിൽ 174/9 എന്ന സ്കോർ ഉയർത്തിയത്.
46 പന്തിൽ നിന്ന് 58 റൺസ് നേടിയ മൂണിയും 25 പന്തിൽ നിന്ന് 39 റൺസെടുത്ത അനുഷ്ക ശർമ്മയും ചേർന്ന് നൽകിയ മികച്ച തുടക്കമാണ് ടീമിന് കരുത്തായത്. ശ്രീ ചരണിയുടെ (4/31) തകർപ്പൻ ബൗളിംഗിലൂടെ ഡൽഹി തിരിച്ചടിച്ചെങ്കിലും അവസാന ഓവറുകളിൽ തനുജ കൻവർ നേടിയ 21 റൺസ് ഗുജറാത്തിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു.
175 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിന്റെ തുടക്കം പാളിയെങ്കിലും മധ്യനിരയിലെ പോരാട്ടം മത്സരം ആവേശകരമാക്കി. ഷഫാലി വർമ്മ നേരത്തെ പുറത്തായെങ്കിലും നികി പ്രസാദും (47) സ്നേഹ് റാണയും (29) ചേർന്ന് ഏഴാം വിക്കറ്റിൽ പടുത്തുയർത്തിയ 70 റൺസിന്റെ കൂട്ടുകെട്ട് ഡൽഹിക്ക് വിജയപ്രതീക്ഷ നൽകി. വുമൺസ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. അവസാന ഓവറുകളിൽ ഒമ്പത് റൺസ് മാത്രം പ്രതിരോധിക്കേണ്ടി വന്നപ്പോൾ തിളങ്ങിയ സോഫി ഡിവൈൻ ഗുജറാത്തിന്റെ രക്ഷകയായി.
സമ്മർദ്ദം നിറഞ്ഞ അവസാന ഓവറിൽ ഡൽഹിക്ക് 5 റൺസ് മാത്രം നൽകി ഡിവൈൻ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു.









