കേരളത്തെ ഗ്ലോബൽ സ്പോർട്സ് ഹബ്ബാക്കി ഉയർത്തും: മന്ത്രി വി.അബ്ദുറഹിമാൻ

Newsroom

Resizedimage 2026 01 27 22 13 42 1

കേരള ഫുട്ബോൾ മിഷൻ 2035′
കായിക വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സ്പോർട്സ് ഇക്കോണമി വളരുന്നതിലൂടെ കായിക മേഖലയ്ക്ക് സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്നും കേരളത്തെ ഗ്ലോബൽ സ്പോർട്സ് ഹബ്ബാക്കി ഉയർത്തുകയാണ്’കേരള ഫുട്ബോൾ മിഷൻ 2035 ലൂടെ ലക്ഷ്യമിടുന്നതെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.


കേരളത്തിൻ്റെ ഫുട്ബോൾ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന സൂപ്പർ ലീഗ് കേരളയുടെ ‘കേരള ഫുട്ബോൾ മിഷൻ 2035’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .


സമൂഹത്തിൻ്റെ താഴെത്തട്ടിൽ നിന്നുള്ള കായിക വികസനത്തിനും എല്ലാവരെയും കായിക, ശാരീരിക ക്ഷമതാ പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നതുo അടക്കമുള്ള പ്രവർത്തനങ്ങൾക്കായി കായിക വകുപ്പിന് കീഴിൽ ഒരു പ്ലാനിംഗ് ആൻഡ് റിസർച്ച് വിംഗ് തുടങ്ങുന്നതായും മന്ത്രി പറഞ്ഞു. ഭാവിയിൽ കായിക മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികൾ നിശ്ചയിക്കുന്നത് ഈ വിങ്ങായിരിക്കും. കായിക രംഗത്തെ വികസനത്തിനായി കഴിഞ്ഞ 10 വർഷത്തിനിടെ 4000 കോടി രൂപ ചെലവഴിച്ചു. കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ദേശീയതലത്തിൽ ഏറ്റവും അധികം പണം ചെലവഴിച്ചത് കേരളമാണ് .

സംസ്ഥാനത്തൊട്ടാകെ വലുതും ചെറുതുമായി 400 ഓളം കളിക്കളങ്ങൾ പുതുതായി നിർമ്മിച്ചു. 2016 ൽ 2 ട്രാക്കുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 24 ട്രാക്കുകളുണ്ട്. ആറ് ട്രാക്കുകളുടെ നിർമ്മാണം പുരോഗമിക്കുന്നു . 102 സ്കൂളുകളിൽ സ്റ്റേഡിയങ്ങളും കളിക്കളങ്ങളും ഒരുക്കി. രാജ്യത്താദ്യമായി കോളേജ് സ്പോർട്സ് ലീഗിന് തുടക്കമിട്ടു. സ്പോർട്സ് ഇക്കോണമിയുടെ വളർച്ചയിലൂടെ കായിക മേഖലയ്ക്ക് അതിൻ്റെ പൂർണ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുo. കായികരംഗത്ത് പ്രൊഫഷണലിസം നടപ്പാക്കിയാൽ മാത്രമേ പ്രതീക്ഷിക്കുന്ന വേഗതയിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ചടങ്ങിൽ പങ്കെടുത്തു.
കായികരംഗത്തെ വളർച്ചയ്ക്ക് കേരള ഫുട്ബോൾ അസോസിയേഷൻ്റെ പ്രവർത്തനങ്ങൾ ഉണർവേകുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
2023 ഏപ്രിൽ 5ന് ആരംഭിച്ച സൂപ്പർ ലീഗ് കേരള (Super League Kerala) വിജയകരമായി രണ്ട് സീസണുകൾ പൂർത്തിയാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് കേരള ഫുട്ബോൾ മിഷൻ 2035ന് തുടക്കമിടുന്നത്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ സൂപ്പർലീഗ് കേരളയും പങ്കാളികളായ ടീമുകളും സംയുക്തമായി ഏകദേശം 150 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്. 2035 ആകുമ്പോഴേക്കും കേരളത്തിൻ്റെ കായികമേഖലയിൽ 1000 കോടി രൂപയോളം നിക്ഷേപവും 28000 ത്തോളം തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത്തരം അവസരങ്ങളെ പ്രൊഫഷണലായി പ്രയോജനപ്പെടുത്തുന്നതിനൊപ്പം കേരളത്തിൻ്റെ ഫുട്ബോൾ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ദീർഘകാല തന്ത്രപരമായ പദ്ധതികളുമായാണ്കേരള ഫുട്ബോൾ മിഷൻ 2035 തുടക്കമിടുന്നത്.
പി.കെ. ബഷീർ എംഎൽഎ, കെ എസ് ഐ ഡി സി എം.ഡിയും കായിക വകുപ്പ് ഡയറക്ടറുമായ പി.വിഷ്ണു രാജ് ഐ എ എസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി, വൈസ് പ്രസിഡൻ്റ് എം.ആർ. രഞ്ജിത്ത്
കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഷാജി സി കുര്യൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.


സൂപ്പർ ലീഗ് കേരള ടീം ഉടമകളെ ചടങ്ങിൽ ആദരിച്ചു.


കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് നവാസ് മീരാൻ സ്വാഗതം ആശംസിച്ചു. കായിക വകുപ്പ് ഡയറക്ടർ പി.വിഷ്ണു രാജ് ഐ എ എസ് ആശംസാ പ്രസംഗം നിർവഹിച്ചു.
സൂപ്പർ ലീഗ് കേരള ഡയറക്ടർ മാത്യു ജോസഫ് നന്ദി പറഞ്ഞു.

മാധ്യമ പുരസ്കാര വിതരണം മന്ത്രി നിർവഹിച്ചു

മികച്ച റിപ്പോ‍ർട്ട‍ർക്കുള്ള പുരസ്കാരം മനോജ് മാത്യുവിന് (മലയാള മനോരമ, കൊച്ചി) സമ്മാനിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. അജിൻ ജി രാജ്, ദേശാഭിമാനി കോഴിക്കോട് (മികച്ച സ്പെഷ്യൽ സ്റ്റോറി ), സിറാജ് കാസിം, മാതൃഭൂമി, കൊച്ചി (ആഴത്തിലുള്ള റിപ്പോ‍ർട്ടിംഗ് ) , പ്രവീൺ ചന്ദ്രൻ ഹിന്ദു തിരുവനന്തപുരം (ഇംഗ്ളീഷിലുള്ള മികച്ച കവറേജ് ), കമാൽ വരദൂർ ചന്ദ്രിക കോഴിക്കോട് (വൈവിധ്യമാർന്ന ഫീച്ചറുകൾ), മിഥുൻ ഭാസ്കർ മാതൃഭൂമി മലപ്പുറം (പരമ്പര), ജി. ദിനേശ് കുമാർ മലയാള മനോരമ കണ്ണൂ‍ർ ( മികച്ച ഫൈനൽ കവറേജ്) എന്നിവർക്ക് 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഈ സീസണിലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരത്തിന് ബിജു വർഗീസ് മാതൃഭൂമി തിരുവനന്തപുരം അ‍ർഹനായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അദ്ദേഹത്തിന് സമ്മാനിച്ചു.


ദൃശ്യമാധ്യമ രംഗത്തെ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിന് സജിൻ എ (ഏഷ്യാനെറ്റ് ന്യൂസ്, കണ്ണൂർ) അർഹനായി. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചു. ദൃശ്യമാധ്യമരംഗത്തെ മികച്ച സ്പെഷ്യൽ സ്റ്റോറിക്കുള്ള പുരസ്കാരം മഹേഷ് പോലൂ‍ർ ( മീഡിയ വൺ, കോഴിക്കോട്) അ‍ർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
റേഡിയോയിലെ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിന് ആ‍ർജെ വിനീത് ( ക്ലബ് എഫ്എം തൃശ്ശൂർ) അ‍ർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. റേഡിയോ രംഗത്തെ സ്പെഷ്യൽ കവറേജിനുള്ള പുരസ്കാരം ആർ ജെ പ്രതീഷ് (റേഡിയോ മാംഗോ, കണ്ണൂർ) ഏറ്റുവാങ്ങി. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
സോഷ്യൽ മീഡിയ രംഗത്തെ സമഗ്ര കവറേജിനുള്ള പുരസ്കാരത്തിന് ‘ KL-10 ഫുട്ബോൾ ഭ്രാന്തൻ” അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സോഷ്യൽ മീഡിയ രംഗത്തെ സ്പെഷ്യൽ കവറേജിനുള്ള പുരസ്കാരത്തിന് ‘മലപ്പുറം ഫുട്ബോൾ ഒഫീഷ്യൽ’, ‘ആന്റപ്പൻ ടാക്കീസ്’ എന്നിവർ അർഹരായി. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.