അണ്ടര്‍ 19 ലോകകപ്പിൽ സിംബാബ്വേയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. വിഹാന് മൽഹോത്ര നേടിയ ശതകത്തിന്റെ ബലത്തിലാണ് സൂപ്പര്‍ സിക്സ് ഗ്രൂപ്പ് 2 മത്സരത്തിൽ ഇന്ത്യ ഈ മികച്ച സ്കോര്‍ നേടിയത്. വൈഭവ് സൂര്യവംശിയുടെ അതിവേഗ അര്‍ദ്ധ ശതകത്തിന് ശേഷം അഭിഗ്യാന്‍ കുണ്ടുവും വിഹാന് മൽഹോത്രയും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 8 വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണ് ഇന്ത്യ നേടിയത്.
സൂര്യവംശി 30 പന്തിൽ 52 റൺസ് നേടിയപ്പോള്‍ അഭിഗ്യാന്‍ കുണ്ടു 61 റൺസും വിഹാന് മൽഹോത്ര പുറത്താകാതെ 109 റൺസും നേടി മികച്ച് നിന്നു. മലയാളി താരം ആരോൺ ജോര്‍ജ്ജും വൈഭവ് സൂര്യവംശിയും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 44 റൺസാണ് നേടിയത്. 16 പന്തിൽ 23 റൺസ് നേടി ആരോൺ ജോര്‍ജ്ജ് പുറത്തായ ശേഷം 21 റൺസ് നേടിയ ആയുഷ് മാത്രേയ്ക്കൊപ്പം വൈഭവ് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
വൈഭവ് പുറത്തായ ശേഷം സ്കോറിംഗ് വേഗത കുറഞ്ഞുവെങ്കിലും ഇന്ത്യ 352 എന്ന മികച്ച സ്കോര്‍ നേടി. സിംബാബ്വേയ്ക്ക് വേണ്ടി തടേണ്ട ചിമുഗോരോ മൂന്നും സിംബരാഷേ മുഡ്സെന്ഗെരേരേ, പനാഷേ മസായി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.









