സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ നിർണ്ണായക മത്സരത്തിൽ ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കേരളം സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. മത്സരത്തിന്റെ 26-ാം മിനിറ്റിൽ ഷിജിൻ ടി ആണ് കേരളത്തിനായി വിജയഗോൾ നേടിയത്. രണ്ട് ഒഡീഷ പ്രതിരോധനിരക്കാരെ അതിമനോഹരമായി ഡ്രിബിൾ ചെയ്ത് മറികടന്ന ശേഷം ഷിജിൻ തൊടുത്തുവിട്ട ഷോട്ട് വലയിൽ പതിക്കുകയായിരുന്നു.
പ്രതിരോധത്തിന് മുൻതൂക്കം നൽകി ഒഡീഷ കളിച്ച മത്സരത്തിൽ ലഭിച്ച ചുരുക്കം അവസരങ്ങൾ മുതലെടുക്കാൻ സാധിച്ചതാണ് കേരളത്തിന് തുണയായത്.
പഞ്ചാബിനെതിരായ വിജയത്തിനും റെയിൽവേസിനെതിരായ സമനിലയ്ക്കും ശേഷം ലഭിച്ച ഈ വിജയം ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റോടെ കേരളം ഗ്രൂപ്പിൽ തങ്ങളുടെ നില ഭദ്രമാക്കിയിട്ടുണ്ട്. ഇനി 29ആം തീയതി മേഘാലയക്ക് എതിരെ ആണ് കേരളത്തിന്റെ അടുത്ത മത്സരം.









